കോഴിക്കോട്: കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് “തൊഴിലാളിക്കടത്ത്’. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് വാഹനങ്ങളില്‍ തൊഴിലാളികളെ എത്തിക്കുന്നതെന്നാണ് വിവരം.
ഇതേത്തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷിക്കുന്നുണ്ട്. പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ എത്തിക്കുന്ന തൊഴിലാളികളെ പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുകയാണ് ചെയ്യുന്നത്.
അനധികൃതമായി തൊഴിലാളികളെ എത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി ഡിസിപി സുജിത്ത്ദാസ് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. സിറ്റി പോലീസ് അതിര്‍ത്തികളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.
അതിഥി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ നിര്‍മാണമേഖലയിലും മറ്റും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് തൊഴിലാളികളെ ഏജന്റുമാര്‍ എത്തിക്കുന്നത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലളവില്‍ അതിഥി തൊഴിലാളികളെ കേരളത്തില്‍നിന്ന് അനധികൃതമായി കൊണ്ടു പോയിരുന്നു. സംസ്ഥാനത്തേക്ക് ചരക്കുമായി എത്തുന്ന ലോറികളുടെ മടക്ക യാത്രയില്‍ വന്‍ തുക വാങ്ങിയായിരുന്നു അതിഥി തൊഴിലാളികളെ രഹസ്യമായി ഒളിപ്പിച്ച് കടത്തിയിരുന്നത്. ഇത്തരത്തില്‍ നിരവധി പേരെ നാട്ടിലെത്തിച്ചതായാണ് പോലീസ് ലഭിക്കുന്ന വിവരം.