ന്യൂഡൽഹി: ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ലോക സമാധാനത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ശക്തികൾ ഇല്ലാതാകുകയോ പിന്നോട്ടുപോകുകയോ ചെയ്യും.
അതാണ് ലോകത്തിന്റെ അനുഭവം- മോദി പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിലുള്ള അതിര്ത്തി പോസ്റ്റായ ലഡാക്കിലെ നിമുവിൽ സൈനികരെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്ന കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ഇല്ലാതാകുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തു. ഇതാണ് ചരിത്രം നൽകുന്ന തെളിവെന്നും മോദി കൂട്ടിച്ചേർത്തു.
ദുർബലർക്ക് ഒരിക്കലും സമാധാനം നിറവേറ്റാൻ കഴിയില്ല. ധീരർക്ക് മാത്രമേ സമാധാനം കൈവരിക്കാനാകൂ- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിർത്താൻ സൈന്യത്തിന് കഴിവുണ്ടെന്ന് വിശ്വസിക്കുന്നു.
നിങ്ങളെ നിയോഗിച്ചിരിക്കുന്ന മലനിരകളേക്കാൾ ഉയരങ്ങളിലാണ് നിങ്ങളുടെ ധൈര്യം. നിങ്ങളുടെ കൈകൾ നിങ്ങൾക്ക് ചുറ്റുമുള്ള പർവതങ്ങളെപ്പോലെ ശക്തമാണ്. നിങ്ങളുടെ ആത്മവിശ്വാസവും ദൃഡനിശ്ചയവും ഇവിടെയുള്ള കൊടുമുടികളെപ്പോലെ അചഞ്ചലമാണ്.
ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു. വീരമൃത്യുവരിച്ച 14 സൈനികരുടെ ധൈര്യം എല്ലായിടത്തും സംസാരിക്കും. നിങ്ങളുടെ ധീരതയുടെയും വീര്യത്തിന്റേയും കഥകൾ രാജ്യത്തെ എല്ലാ വീടുകളിലും പ്രതിധ്വനിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ഭാരത്തിന്റെ ശത്രുക്കൾ സൈന്യത്തിന്റെ വീര്യവും ശക്തിയും ദർശിച്ചു. ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴലിനോട് പ്രാർഥിക്കുന്ന അതേ ഞങ്ങൾ സുദർശന ചക്രത്തെ വഹിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നു.
ഇന്ത്യ സമാധാനത്തിനു വേണ്ടി നിലനിൽക്കുന്നു. പക്ഷെ രാജ്യം സംരക്ഷിക്കാൻ നമ്മൾ മടിക്കില്ല. ഗാൽവാൻവാലിയിൽ രക്തസാക്ഷിത്വം വരിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.