വൈപ്പിന്‍: ഈ മാസം 31ന് അര്‍ധരാത്രിക്കുശേഷം ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് മുന്നില്‍ കണ്ട് വൈപ്പിനിലെ മുരിക്കുംപാടം മുനമ്പം മത്സ്യബന്ധന മേഖലയിലേക്ക് എത്താന്‍ കാത്തിരിക്കുന്നത് 5000ത്തില്പരം അതിഥിതൊഴിലാളികള്‍.
തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ എത്തുക. ഇതില്‍ 90 ശതമാനത്തോളം പേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ച വൈപ്പിനില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണമെന്നതാണ് പൊതുവെ ആവശ്യമുയര്‍ന്നിരിക്കുന്നത്.
സാധാരണ തൊഴിലാളികള്‍ എത്താറുള്ളത് ജൂലൈ അവസാന വാരത്തിലാണ്. മത്സ്യബന്ധനത്തിനു പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണ് നാലഞ്ചു ദിവസം മുന്നേ ഇവരെത്തുക. എന്നാല്‍ ഇക്കുറി കോവിഡിന്റെ പാശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് വേണമെന്നിരിക്കെ അടുത്താഴ്ച ഇവര്‍ കൂട്ടംകൂട്ടമായി മുനമ്പം, മുരുക്കുംപാടം മേഖലയിലേക്കെത്തി തുടങ്ങും.
ഇവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനുള്ള ഉത്തരവാദിത്ത്വവും ചുമതലയും ബന്ധപ്പെട്ട തൊഴിലുടമക്കാണ്. ഇതിനായി കഴിഞ്ഞ ദിവസം എസ്. ശര്‍മയുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടറുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ചില ധാരണകള്‍ ആയിട്ടുണ്ട്.
കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ബോട്ടുടമ തന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇവരെ ബോട്ടുടമകള്‍ സ്വന്തം നിലയില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം കഴിയാന്‍. ഇവര്‍ ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ ഇറങ്ങുന്നവര്ക്കൊപ്പം തൊഴിലുടമക്കെതിരെയും കേസെടുക്കും.
മാത്രമല്ല പുറത്തിറങ്ങുന്നവരെ ജില്ലാ ക്വാറന്റൈന് സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കാര്യങ്ങള്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യാന്‍ പോലീസിനും ആരോഗ്യ വകുപ്പിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.