മൂവാറ്റുപുഴ: ആരോരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എംഎല്‍എ തുണയായി. കഴിഞ്ഞ മൂന്നര മാസമായി പരസഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മ (രാധ-70)നാണ് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിസയ്ക്ക് സൗകര്യമൊരുക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയ ഏലിയാമ്മയ്ക്ക് വളര്‍ത്ത് മകളാണുള്ളത്. മൂന്നരമാസം മുമ്പുണ്ടായ വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റതോടെയാണ് ഏലിയാമയുടെ കഷ്ടകാലവും ആരംഭിച്ചത്.
ജനറല്‍ ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മയെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ വിവിധ സംഘടനകള്‍ നല്കുന്ന ഭക്ഷണ പൊതികളും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വാങ്ങി നല്കുന്ന ഭക്ഷണവുമാണ് ഏക ആശ്വാസം.
കാലിന് മേജര്‍ ഓപ്പറേഷന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുന്നതിനിടയിലാണ് കോവിഡ് പടര്‍ന്ന് പിടിച്ചതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. ഇത് ഏലിയാമ്മയ്ക്ക് തിരിച്ചടിയായി.
കടുത്ത ഷുഗർ രോഗത്തിനും അടിമയായ ഏലിയാമ്മ കഴിഞ്ഞ മൂന്നരമാസമായി ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ദുഖവും വേദനയും കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. ഏലിയാമ്മയുടെ നിസഹായവസ്ഥ ആശുപത്രിയിലെ രോഗികള്‍ എല്‍ദോ എബ്രഹാം എംഎല്‍എയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എല്‍ദോ നേരിട്ടെത്തി ഏലിയാമ്മയുടെ ദുരിതാസ്ഥ മനസിലാക്കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി അംഗം അഡ്വ. ബിനു ബോസ്, ഓര്‍ത്തോ സര്ജന് ഡോ.റെജി എന്നിവരെയും ഫോണില്‍ ബദ്ധപ്പെട്ട് ഏലിയാമ്മയുടെ ഓപ്പറേഷന് വേണ്ടിയുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.
ഇതോടൊപ്പം തന്നെ സഹായത്തിനായി ആയവന സേവനയില്‍ നിന്നും ഹോം നഴ്സിനെ ഒരുക്കുകയും ആശുപത്രിയിലെ ആംബുലൻസിൽ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തു. ചിലവിനായി സാമ്പത്തിക സഹായവും നല്കി.
പായിപ്ര ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് റേഷന്‍ കടപടിയില്‍ ചാരപ്പുറത്ത് സ്വന്തമായി വീടും സ്ഥലവും ഉണ്ടായിരുന്ന രാധ എന്ന് വിളിക്കുന്ന ഏലിയാമ്മ മൂന്ന് വര്‍ഷമുമ്പാണ് ഇവിടെ നിന്നും വീടും സ്ഥലവും വിറ്റ് വളര്‍ത്ത് മകളോടൊപ്പം പോയത്.
റേഷന്‍ കാര്‍ഡും മറ്റ് രേഖകളെലെല്ലാം തന്നെ ഏലിയാമയ്ക്ക് സ്വന്തമായിട്ടുണ്ട്. ഓപ്പറേഷന് ശേഷം തിരികെയെത്തുന്ന ഏലിയാമ്മയെ നെല്ലിക്കുഴി പീസ് വാലിയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളും നടന്ന് വരികയാണന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.