തൃപ്പൂണിത്തുറ: തിരുവാങ്കുളത്തൈ വാടക വീട്ടിൽ പിതാവിൽ നിന്നും നിരന്തരം ശാരീരിക പീഡനമേൽക്കേണ്ടി വന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തേക്കും.
ഇന്നു മാതാവുമായി സംസാരിച്ച ശിശുക്ഷേമ സമിതി അധികാരികൾ എത്തും. ആവശ്യമെങ്കിൽ മാതാവിനെയും രണ്ട് പെൺമക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ സമിതി തയാറാണ്.
ഇവരുടെ വാഗ്ദാനം ഒന്നും തന്നെ മാതാവ് അംഗീകരിക്കാൻ തയാറായിട്ടില്ലെന്ന് നിരന്തരം പ്രശ്നത്തിൽ ഇടപ്പെട്ടുകൊണ്ടിരിക്കുന്ന കൗൺസിലർ മഞ്ജു ബിനു പറഞ്ഞു. അമ്മയും കുഞ്ഞും വാടക വീട്ടിൽ സുഖമായിരിക്കുന്നു.
പോലിസിനോട് എല്ലാ കാര്യവും തുറന്നു പറഞ്ഞ മാതാവ് നാട്ടുകാരോട് പറയുന്നത് ഒന്നുമില്ലെന്നാണ്. റിമാൻഡിൽ കഴിയുന്ന ഭർത്താവിനെ കാത്തിരിക്കുകയാണ് മാതാവ്. ഭർത്താവ് ജയിലിൽ നിന്നും വന്നു കഴിഞ്ഞാൽ വാടക വീട്ടിൽ നിന്നും ഈ കുടുംബം എങ്ങോട്ടെങ്കിലും മുങ്ങുമോ എന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.
പിതാവ് തനിക്ക് കഷ്ടകാലമാണെന്ന് വിശ്വസിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ വരെ ശ്രമിച്ചിരുന്നു. പിതാവ് ഇപ്പോൾ റിമാൻഡിലാണ്.