കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിര്‍ദേശങ്ങള്‍ ചുവടെ.കോര്പറേഷന് പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രാവിലെ ഏഴു മുതല്‍ വൈകുന്നേരം 6.30 വരെ പ്രവര്‍ത്തിക്കാം.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ പേരു വിവരവും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നതിനായി സ്ഥാപന ഉടമ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും സന്ദര്‍ശകരുടെ പേരും വിവരങ്ങളും നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറണം.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മുഴുവന്‍ സമയവും സാനിറ്റൈസര്‍ , സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ഉറപ്പു വരുത്തണം.
മാളുകള്‍, വസ്ത്രവ്യാപാരശാലകള്‍, ജ്വല്ലറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് തിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ. 10 വയസില്‍ താഴെയുള്ള കുട്ടികളും 60 വയസിനു മുകളില്‍ പ്രായമായവരും സാധന സേവനങ്ങള്‍ക്കായി കടന്ന് വരുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഒഴിവാക്കണം.
ഇനിയൊരുത്തരവ് വരെ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമെ അനുവദിക്കുകയുള്ളൂ.
ഇടുങ്ങിയതും വിസ്തൃതി കുറഞ്ഞതുമായ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ആളുകളെ യാതൊരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. മറ്റ് കടകളില്‍ ഒരു സമയത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല.
വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രാലയങ്ങളിലും ജ്വല്ലറികളിലും ഒരു സമയത്ത് 15 പേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല.
കച്ചവട സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തി കടകളില്‍ ആളുകള്‍ എത്തുന്നത് പരമാവധി കുറയ്ക്കുവാന്‍ ശ്രമിക്കണം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അധികാരികള്‍ സമയാസമയങ്ങളില്‍ നല്കുന്ന എല്ലാ നിര്‍ദേശ ഉത്തരവുകളും കച്ചവട സ്ഥാപനങ്ങള്‍ പാലിക്കണം.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കോര്പറേഷന് അധികൃതര്‍ അറിയിച്ചു.