കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടം. മുന്‍വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് മലബാറിലെ ആറ് ജില്ലകളില്‍ മാത്രം കഴിഞ്ഞ മാസം 42 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി കഴിഞ്ഞമാസം 14637 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതുവഴി 6,25,96,410 രൂപയാണ് വരുമാനമായി ലഭിച്ചത്.
അതേസമയം കഴിഞ്ഞ വര്‍ഷം ജൂണില്‍ 34,795 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നു. അന്ന് 48,90,46,589 രൂപയായിരുന്നു വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42,64,50,179 രൂപയാണ് ജൂണ്മാസത്തിലെ വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം.
അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍വീസുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. കഴിഞ്ഞ മാസത്തേക്കാള്‍ 20158 അധിക സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നടത്തിയിരുന്നു.
സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം മേയ് 20 മുതലാണ് കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചത്. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു യാത്ര ചെയ്യാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍ ജൂണ്‍ മൂന്നു മുതല്‍ അന്തര്‍ജില്ലാ സര്‍വീസുകള്‍ പുന:രാരംഭിച്ചു.
തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരുന്നു സര്‍വീസ് നടത്തിയത്. കോവിഡ് ഭീതി നിലനില്‍ക്കെ യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. സ്വകാര്യ ബസുകള്‍ പോലും നാമമാത്രമായി സര്‍വീസ് നടത്തിയിരുന്ന കഴിഞ്ഞ മാസം ഇത്രയും നഷ്ടമുണ്ടായെങ്കില്‍ വരും ദിവസങ്ങളില്‍ നഷ്ടത്തിന്റെ കണക്കുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.