അനാമിക
” ശിരസു കുനിച്ച്, നെഞ്ചിൽത്തൊട്ട് ഞാൻ മാപ്പപേക്ഷിക്കുന്നു. ക്ഷമിക്കണം. അന്വേഷണസംഘത്തിന് തെറ്റു സംഭവിച്ചു. ലീ ചൂൺ ജേയുടെ ക്രൂരതയ്ക്കിരയായവരോടും അവരുടെ കുടുംബത്തോടും മാപ്പ് പറയുന്നു. എന്നാൽ ചൂൺ ജേ ചെയ്ത ക്രൂരതകളുടെ പാപഭാരം ചുമക്കേണ്ടി വന്ന ഒരു നിരപരാധിയുണ്ട്, യൂൺ സുൻയോ. അദ്ദേഹത്തോട് എങ്ങനെയാണ് മാപ്പു പറയേണ്ടതെന്ന് എനിക്കറിയില്ല.
അന്വേഷണത്തിലുണ്ടായ വീഴ്ച കാരണം 15 സ്ത്രീകൾക്കു കൂടി ജീവൻ നഷ്ടമായി എന്നതിൽ ഖേദിക്കുന്നു’ ദക്ഷിണ കൊറിയയെ നടുക്കിയ സീരിയൽ കൊലപാതകങ്ങളുടെ അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ ഈ അസാധാരണ ക്ഷമാപണം അവിടുത്തെ ജനങ്ങളെ ഒന്നാകെ ആശങ്കയിലാഴ്ത്തി.
ഹസാംഗിനെ നടുക്കിയ സൈക്കോ കില്ലർ
യൂൺ സുൻയോയുടെ ജീവിതത്തെ കശക്കിയെറിഞ്ഞ സംഭവത്തിന് ഏകദേശം മുപ്പതു വർഷത്തെ പഴക്കമുണ്ട്. രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കു പോകുന്ന കുട്ടികളും ജോലിക്കും മറ്റുമായി പുറത്തു പോകുന്ന സ്ത്രീകളും തിരികെ വരുവോളം വീട്ടിലിരിക്കുന്നവരുടെ ഉള്ളിൽ തീയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഹസാംഗിലെ പത്തോളം സ്ത്രീകളാണ് പീഡനത്തിനിരയായി ജീവൻ നഷ്ടപ്പെട്ടത്.
സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിൽ കത്തി, ബ്ലേഡ് തുടങ്ങി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വികൃതമാക്കിയിരുന്നു. മാത്രമല്ല ഇരകളുടെ തന്നെ വസ്ത്രം ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
പീഡനത്തിനപ്പുറം മൃതദേഹത്തെപ്പോലും ചൂഷണം ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൊലപാതകി ഒരു സൈക്കോയാണെന്ന നിഗമനത്തിലേക്ക് തുടക്കത്തിൽ തന്നെ പോലീസ് എത്തിച്ചേർന്നിരുന്നു.
ഏകദേശം 21,000ഓളം ആളുകളാണ് പോലീസിന്റെ സംശയ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ ഇരുപതിനായിരത്തോളം പേരുടെ വിരലടയാളമെടുത്തെങ്കിലും ഒന്നും മൃതദേഹങ്ങളിൽ കാണപ്പെട്ടവയുമായി ഒത്തുചേർന്നില്ല.
കുറ്റവാളി ആ ഇരുപത്തിരണ്ടുകാരനോ?
1989ലെ ഒരു പകൽ. ഹസാംഗ് ഉണർന്നുവന്നത് എട്ടാമത്തെ കൊലപാതക വാർത്തയിലേക്കാണ്. പതിനാലുവയസുകാരി പാർക്ക് സാംഗ് അതിക്രൂരമായ പീഡനത്തിനിരയായി മരണത്തിനു കീഴടങ്ങി.
സംഭവസ്ഥലത്തു നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം എത്തിനിന്നത് യൂണ് സുൻ യോ എന്ന ഇരുപത്തിരണ്ടുകാരനിലാണ്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ യൂൺ കുറ്റസമ്മതം നടത്തി.
വിചാരണയ്ക്കൊടുവിൽ യൂണിന് ജീവപര്യന്തം വിധിക്കപ്പെട്ടു. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കാണിച്ച് യൂൺ നൽകിയ അപ്പീൽ കോടതി തള്ളി. ഒടുവിൽ 20 വർഷത്തെ ജയിൽവാസത്തിനു ശേഷം 2009ൽ കോടതി യൂണിന് പരോൾ അനുവദിച്ചു.
അഞ്ജാതനായ കൊലയാളി വീണ്ടും വരുന്നു
2004ൽ ഹസോംഗിലെ കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ടത് പ്രദേശവാസികളുടെയുള്ളിൽ പരിഭ്രാന്തി നിറച്ചു. സൈക്കോ കൊലപാതകി വീണ്ടും മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിച്ചുതുടങ്ങി.
കൊലപാതക പരന്പരയിൽ പിടിയിലായ പ്രതി ജയിലിൽ കഴിയുന്പോൾ വീണ്ടും ആരാകും തങ്ങളുടെ ജീവിതത്തിൽ ഭീതിയുടെ ഇരുൾ പടർത്തുന്നതെന്ന് ഹസാംഗ് നിവാസികൾ ആശങ്കപ്പെട്ടു.
ചുരുളഴിഞ്ഞ് കൊടുംക്രൂരതയുടെ കഥകൾ
1994ൽ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ഹസാംഗ് സ്വദേശി ലീ ചൂൺ ജേ അറസ്റ്റിലായി. അതോടെ ഒരു ഗ്രാമത്തിലെ പത്തു സ്ത്രീകളുൾപ്പെടെ പതിനഞ്ചു പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറിന്റെ മുഖംമൂടി അഴിഞ്ഞു വീണു.
ലീ ചൂൺ ജേയ്ക്കൊപ്പമുള്ള ജീവിതം ദുസ്സഹമായതോടെ 1993 ഡിസംബറിൽ ലീ ചൂണിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി.
ഇതിന്റെ തുടർച്ചപോലെ 1994 ജനുവരി 13ന് ലീ ചൂൺ ഭാര്യാ സഹോദരിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ചു കൊന്നു. കൊലപാതകം നടന്ന് അഞ്ചാം ദിവസം ലീ പോലീസ് പിടിയിലായി. ലീ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി അയാളെ വധശിക്ഷയ്ക്കു വിധിച്ചു.
25 വർഷത്തിനുശേഷം, 2019 സെപ്റ്റംബർ 18നാണ് ഹസാംഗ് കൊലപാതകപരന്പരയ്ക്കു പിന്നിലെ യഥാർഥ കുറ്റവാളിയെ ലോകം അറിയുന്നത്. ഇരകളിൽ ഒരാളുടെ അടിവസ്ത്രത്തിൽ നിന്നു ലഭിച്ച ഡിഎൻഎയും ലീയുടെ ഡിഎൻഎയുമായി സാമ്യമുണ്ടായിരുന്നു. ഇതു തുന്പില്ലാതെ കിടന്ന നാലു കൊലപാതകങ്ങൾക്കു തുന്പുണ്ടാക്കി.
ഭാര്യാ സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ലീയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. തുടക്കത്തിൽ ലീ എതിർത്തുവെങ്കിലും തെളിവുകൾ നിരത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾക്കു പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ കുറ്റസമ്മതം
2019 ഒക്ടോബർ രണ്ടിന് പോലീസ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു, ” ഹസാംഗ് കൊലപാതക പരന്പരയുൾപ്പെടെ 15 കൊലപാതകങ്ങൾ നടത്തിയത് ലീ ചൂൺ ജേ എന്ന സൈക്കോ കില്ലർ ആണ്.
‘ എട്ടു വയസുള്ള കുട്ടി മുതൽ എഴുപത്തിയൊന്നു വയസുള്ള സ്ത്രീ വരെ ലീയുടെ ക്രൂരതയ്ക്കിരയായി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കൊലപാതകങ്ങൾക്കു പുറമേ താൻ മുപ്പതോളം സ്ത്രീകളെ മാനഭംഗപ്പെടുത്തി യെ ന്നും ലീ സമ്മതിച്ചു.
ലീ കുറ്റസമ്മതം നടത്തിയ വാർത്തയറിഞ്ഞ് യൂൺ സുൻയോ കോടതിയിൽ വീണ്ടും അപ്പീൽ നൽകുകയും മൂന്നു ദിവസത്തിനുശേഷം കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു. യഥാർഥ കുറ്റവാളിയായ ലീ ചൂൺ ജേ ഇപ്പോൾ ബുസാൻ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.