നരസിംഹം എന്ന ചിത്രത്തിൽ ഒരിക്കൽ മാത്രം പറയുന്ന, എന്നാൽ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗ് ആണ് വാ കസ്തേ. ഈ ഡയലോഗ് വന്നത് എങ്ങനെയാണെന്നു ഷാജി കൈലാസ് പറയുന്നതിങ്ങനെയാണ്;
നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്ത് മലപ്പുറത്തുനിന്ന് മോഹൻലാലിന്റെ കടുത്ത ആരാധകരായ കുറച്ച് പയ്യൻമാർ വന്നു. ഞാൻ സീനിന്റെ ഇടയ്ക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ പറഞ്ഞു, അവർക്ക് ഒരാഗ്രഹമുണ്ടെന്ന്. സാധാരണ മോഹൻലാലിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ് ഇങ്ങനെ വരുന്നവരുടെ ആഗ്രഹം.
എന്നാൽ അവരുടെ ആഗ്രഹം രസകരമായിരുന്നു. ലാലേട്ടനെ കൊണ്ട് വാ കസ്തേ എന്ന വാക്ക് സിനിമയിൽ എവിടെയെങ്കിലും പറയിപ്പിക്കണം. എന്താണ് സംഗതിയെന്ന് ചോദിച്ചപ്പോൾ ഇത് ഞങ്ങളുടെ ഒരാഗ്രഹമാണ്, ചെയ്യിക്കണമെന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
സംഗതി കേട്ടപ്പോൾ വലിയ കുഴപ്പമില്ലല്ലോ എന്ന് എനിക്കും തോന്നി. ഞാൻ മോഹൻലാലിനോട് സംഭവം പറഞ്ഞു. ഇങ്ങനെയൊരു ഡയലോഗ് എവിടെയെങ്കിലും ഉപയോഗിക്കണമെന്ന്. കേട്ടപ്പോൾ മോഹൻലാലിനും കൗതുകമായി.
സ്ഫടികം ജോർജ്ജിനെ നോക്കി വിരൽ ചൂണ്ടി മോഹൻലാൽ വാ കസ്തേ എന്നു വളരെ പതിയെ,എന്നാൽ പവ്വർഫുള്ളായി പറഞ്ഞു. നമ്മൾ പ്രതീക്ഷിക്കാത്ത ഇംപാക്ട് ആയിരിക്കും ഇത്തരം സിറ്റുവേഷനുകളിൽ മോഹൻലാൽ തരിക.
ഇതാണ് മോഹൻലാൽ എന്ന നടന്റെ മികവും. എന്തായാലും ഇതിനു തിയറ്ററുകളിൽ കിട്ടിയ പ്രതികരണം വളരെ വലുതായിരുന്നു. ഇന്നും നരസിംഹത്തിലെ ആ സീൻ കാണുന്പോൾ ഞാനാ ദിവസം ഓർക്കും.