കോട്ടയം: താഴത്തങ്ങാടിയിൽ ദന്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിന്റെ ജയിലിലെ പെരുമാറ്റം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം.
പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തിനെതിരെ പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതി ജയിൽ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ (60)യെ ക്രൂരമായി കൊലപ്പെടുത്തുകയും, ഭർത്താവ് സാലിയെ(65) ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി വേളൂർ പാറപ്പാടം മാലിയിൽ പറന്പിൽ മുഹമ്മദ് ബിലാലി(23)ന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണു കോടതി നിർദേശം.
നേരത്തെ പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നു ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.
രോഗമുണ്ടെന്ന വാദം ഉയർത്തിയ സാഹചര്യത്തിൽ പ്രതിക്കു മാനസികരോഗമില്ലെന്നു തെളിയിക്കാനാണ് പ്രോസിക്യൂഷൻ മാനസികനില പരിശോധിക്കണമെന്നു അഭ്യർഥിച്ചത്. എന്നാൽ, പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി പ്രതിയുടെ ജയിലിലെ പെരുമാറ്റം അടക്കമുള്ള പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിലാൽ നേരത്തെതന്നെ മാനസിക രോഗത്തിനു ചികിത്സ നേടിയിട്ടുള്ള ആളാണെന്നു വാദിച്ച പ്രതിഭാഗം ഇതിനായി മെഡിക്കൽ രേഖകളും കോടതിയിൽ ഹാജരാക്കി.
രോഗത്തിനു ചികിത്സ തേടിയിരുന്നയാളുടെ മാനസികനില മെഡിക്കൽ ബോർഡിനെ ഉപയോഗിച്ചു പരിശോധിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
ബിലാലിന്റെ ജയിലിലെ പെരുമാറ്റം പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതനുസരിച്ചാണു കോടതി ജയിൽ അധികൃതരോട് ബിലാലിന്റെ പെരുമാറ്റം സംബന്ധിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആറിനു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. പ്രതിഭാഗത്തിനുവേണ്ടി വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.