വാഷിംഗ്ടണ് ഡിസി/ബെയ്ജിംഗ്: കൊറോണാ വ്യാപനം, വ്യാപാര കരാറുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചൈനയുമായി ആശയഭിന്നത പാരമ്യതയിലെത്തി നിൽക്കേ അമേരിക്ക രണ്ടു വിമാനവാഹിനി കപ്പലുകളെ ദക്ഷിണചൈനാ കടലിൽ വിന്യസിച്ചു.
തർക്കത്തിലുള്ള ദക്ഷിണാചൈനാ കടലിൽ ചൈനീസ് പട്ടാളം സൈനികാഭ്യാസം നടത്തിയതിനു പിന്നാലെയാണ് യുഎസ് നീക്കം.
സൈനികാഭ്യാസം നടത്തിയ ചൈനയുടെ നടപടി അയൽരാജ്യങ്ങൾക്കൊപ്പം യുഎസിനെയും പ്രകോപിപ്പിച്ചിരുന്നു. യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് റോണൾഡ് റെയ്ഗൻ എന്നീ വിമാനവാഹിനി കപ്പലുകളെ വിന്യസിച്ചതു ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു.
ലഡാക്കിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ നടത്തിയ നീക്കമുൾപ്പെടെ അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കാൻ ചൈന ശ്രമം തുടരുന്നതിനിടെയാണു കടലിൽ യുഎസിന്റെ പടയൊരുക്കം.
ദക്ഷിണ ചൈനാ കടലും ഇൻഡോ- പസഫിക് മേഖലയും സ്വതന്ത്രവും സുരക്ഷിതവുമാക്കുകയാണു ലക്ഷ്യമെന്നു യുഎസ് നാവികസേന അറിയിച്ചു. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു പങ്കാളികളെയും സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്ന് സൈനികനീക്കത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത വാൾ സ്ട്രീറ്റ് ജേർണലിനോടു യുഎസ് റിയർ അഡ്മിറൽ ജോർജ് എംവൈകോഫ് പ്രതികരിച്ചു.
ചൈനീസ് അഭ്യാസപ്രകടനങ്ങൾക്കുള്ള മറുപടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദക്ഷിണചൈന കടലിന്റെ 90 ശതമാനവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.
പ്രതിവർഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ വ്യാപാരനീക്കമാണ് ദക്ഷിണചൈന കടലിലൂടെ ചൈന നടത്തുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ കടലിൽ നിരവധി ദ്വീപുകൾ ചൈന കൃത്രിമമായി നിർമിച്ചു.
സൈനികവിമാനങ്ങൾ ഇറങ്ങാൻ സൗകര്യമുള്ളതുൾപ്പെടെ നിരവധി സൈനികകേന്ദ്രങ്ങളും ഉണ്ടാക്കി. ബ്രൂണൈ, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ദക്ഷിണചൈന കടലിന്റെ ഉടമസ്ഥത അവകാശപ്പെടുന്നവരാണ്.
ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ദക്ഷിണചൈനാ കടലിടുക്കിലെ സംഭവവികാസങ്ങൾ. ഇന്ത്യാ-ചൈന നിയന്ത്രണരേഖയിലെ നിരവധിയിടങ്ങളിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തുടരുകയാണ്.
ഏതുതരത്തിലുള്ള വെല്ലുവിളിയെയും നേരിടുക എന്ന ലക്ഷ്യത്തോടെ 1,597 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ ഇന്ത്യ പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ലഡാക്കിലെത്തി സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി ഇതിനെ വിലയിരുത്തുന്നു.
ദക്ഷിണ ചൈനാ കടലിൽ അഞ്ചു ദിവസത്തെ സൈനികാഭ്യാസത്തിന് ഈ മാസം ഒന്നിനാണ് ചൈന തുടക്കമിട്ടത്. വിയറ്റ്നാമും ഫിലിപ്പീൻസും അവകാശവാദം ഉന്നയിക്കുന്ന പാരാസെൽ ദ്വീപിനു സമീപമായിരുന്നു അഭ്യാസപ്രകടനം.
ഇതിനെതിരേ ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന് വിയറ്റ്നാം പരാതി നൽകിയിരുന്നു. ഫിലിപ്പീൻസും കടുത്ത അതൃപ്തിയിലാണ്. ദക്ഷിണാചൈനാ കടലിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളും കഴിഞ്ഞദിവസം ആസിയാൻ സമിതിയിലും പരാതിപ്പെട്ടിരുന്നു.
ദക്ഷിണചൈനാ കടലിലെ തർക്കമേഖലയിൽ സൈനികാഭ്യാസം നടത്തുന്ന ചൈനീസ് നടപടി പ്രകോപനപരമാണെന്നും തങ്ങൾ അതിനെ എതിർക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞദിവസം ട്വിറ്ററിൽ പറഞ്ഞിരുന്നു.
സമുദ്രമേഖലയിൽ നിയമം ലംഘിച്ച് ചൈന നടത്തുന്ന നിരന്തര ഇടപെടലുകളുടെ ഒടുവിലത്തേതാണ് സൈനികാഭ്യാസമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണും കുറ്റപ്പെടുത്തിയിരുന്നു. സ്ഥിരം തർക്കമേഖലയായ ദക്ഷിണചൈനാ കടലിൽ കഴിഞ്ഞമാസവും യുദ്ധക്കപ്പലുകളെ യുഎസ് സേന കൊണ്ടുവന്നിരുന്നു.
ജൂണ് പകുതിയോടെ മൂന്ന് വിമാനവാഹനികപ്പലുകളാണ് മേഖലയിൽ റോന്ത് ചുറ്റിയത്. സാധാരണ പട്രോളിംഗ് മാത്രമാണ് ഇതെന്നായിരുന്നു പെന്റഗണിന്റെ വിശദീകരണം.