അടൂര്‍: ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനായി മാതാവും കാമുകനും നടത്തിയ നീക്കങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞത് കാമറ ദൃശ്യങ്ങളിലൂടെ. 45 കാമറകളാണ് പോലീസ് സംഘം പരിശോധിച്ചത്.
കഴിഞ്ഞ ജൂണ്‍ 30ന് രാവിലെയാണ് മരുതിമൂട് പള്ളിക്കു മുന്നില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവും ഓട്ടോറിക്ഷ ഡ്രൈവറായ യുവാവും പിടിയിലായത്.
മാതാവ് ഏനാദിമംഗലം ഒഴുകുപാറ കിഴക്കേതില്‍ ലിജ (33), കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മാരൂര്‍ കൊടിയില്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ അജയ് (ടിറ്റോ-32) എന്നിവരാണ് പിടിയിലായത്. ലിജ ഭര്‍ത്താവ് ഉപേക്ഷിച്ചു നില്‍ക്കുകയാണ്.
അജയ് ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്. ഇരുവരും തമ്മില്‍ ഏറെ നാളുകളായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളിക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തു വന്ന പോലീസ് കുഞ്ഞിനെയെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഡിവൈഎസ്പിയുടെ സ്ക്വാഡിലെ ശരത്, ബിജു എന്നീ പോലീസുകാര്‍ ചേര്‍ന്നു നടത്തിയ സമര്‍ഥമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അവ്യക്തമായ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മാരൂര്‍ കടന്ന് ഈ ഓട്ടോറിക്ഷ മാത്രം പോയിട്ടില്ലെന്ന് പോലീസുകാര്‍ക്ക് മനസിലായി. ഓട്ടോയുടെ പിന്നില്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു.
ഈ അടയാളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോയും ഡ്രൈവറെയും തിരിച്ചറിഞ്ഞു. അടൂര്‍ – പത്തനാപുരം റൂട്ടിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍വച്ചിരുന്ന കാമറകളാണ് പോലീസ് പരിശോധിച്ചത്. പള്ളിപ്പടിയിലെ കാമറയില്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.
ലിജയെ പോലീസ് ചോദ്യം ചെയതതോടെ അജയ് മുങ്ങി. ലിജ കുറ്റം സമ്മതിച്ചു. വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. നാണക്കേട് മറയ്ക്കാന്‍ വേണ്ടിയാണ് ഉപേക്ഷിച്ചതെന്ന് മൊഴിയും നല്കി. അജയ് ആണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പള്ളിക്ക് മുന്നില്‍ തള്ളാമെന്ന് പറഞ്ഞതെന്നും ലിജ മൊഴി നല്കി.
ലിജക്ക് നേരത്തേ ഒരു കുട്ടിയുണ്ട്. ഒളിവിലായിരുന്ന അജയിനെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.