എം.വി. അബ്ദുൾ റൗഫ്
തളിപ്പറമ്പ്: തളിപ്പറമ്പ് മഴൂർ കരുവക്കുന്നിൽ മിച്ചഭൂമിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നിലച്ചു. തളിപ്പറമ്പ് സിഐ എൻ.കെ. സത്യനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം ആദ്യഘട്ടത്തിൽ ഊർജിതമായിരുന്നെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
തലയോട്ടി കണ്ടെത്തിയത് ടാപ്പിംഗ് തൊഴിലാളി
കഴിഞ്ഞ മാർച്ച് 29ന് പുലർച്ചെ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് കുറ്റിക്കാടുകൾക്കിടയിൽ കരിയിലകൾക്ക് മുകളിൽ തലയോട്ടി കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ 21നും 40നും ഇടയിൽ പ്രായം കണക്കാക്കുന്ന തലയോട്ടി പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
മരണപ്പെട്ടിട്ട് മൂന്ന് വർഷത്തോളമായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലയോട്ടിയുടെ മൂക്ക് ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ പൊട്ടിപ്പോയതിനാൽ കൃത്യമായ വിവരം ലഭിക്കാൻ പ്രയാസമാണെന്നും റിപ്പോർട്ടിലുണ്ട്.
കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് തലയോട്ടി കൊണ്ടു പോകണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് ലോക്ക് ഡൗണിൽ പോലീസിന് ജോലി ഭാരം കൂടിയതോടെ അതും നടന്നില്ല.
തലയോട്ടി കണ്ടെത്തിയ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ജനവാസമില്ലാത്ത പ്രദേശമാണ്. പുതുക്കുടി ഇല്ലത്തിന്റെ ഉടമസ്ഥതയിലായിരുന്ന 25 ഏക്കറോളം സ്ഥലം 15 വർഷം മുമ്പാണ് സർക്കാർ മിച്ചഭൂമിയായി ഭൂരഹിതർക്ക് പതിച്ചു നൽകിയത്. എന്നാൽ ഭൂമി ലഭിച്ചവർ എത്താതിരുന്നതിനാൽ ഇവിടം കാടുമൂടി കിടക്കുകയാണ്.
അന്വേഷിച്ചു, കണ്ടെത്തിയില്ല
ചെങ്കുത്തായ സ്ഥലത്ത് തലയോട്ടി എത്തിയതിനെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തെരുവുനായ ശല്യമുള്ള പ്രദേശത്ത് നായകൾ കടിച്ചു കൊണ്ടിട്ടതാണോ എന്നും മറ്റു പ്രദേശത്ത് നിന്ന് മണ്ണു നീക്കുമ്പോൾ ലഭിച്ച തലയോട്ടി ഇവിടെ ഉപേക്ഷിച്ചതാണോ എന്നുമാണ് പോലീസ് നിഗമനം.
എന്നാൽ കഴിഞ്ഞ 15 വർഷത്തോളമായി മേഖലയിലെ വീട്ടുപറമ്പുകളിൽ മൃതദേഹം സംസ്കരിക്കാറില്ലെന്നും തലയോട്ടി നായ കടിച്ചെടുത്ത് ഇവിടെ ഉപേക്ഷിക്കാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു.
ദുരൂഹത തുടരുന്നു
എട്ടുമാസം മുമ്പ് പന്നിയൂരിൽ നിന്ന് കാണാതായ പോക്സോ കേസിലെ പ്രതിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തലയോട്ടിയുടെ കാലപ്പഴക്കം മൂന്ന് വർഷത്തോളമാണെന്ന പരിശോധന റിപ്പോർട്ട് ലഭിച്ചതോടെ ഇതുവഴിയുള്ള അന്വേഷണം പോലീസ് നിർത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 21നും 40നും ഇടയിൽ പ്രായം കണക്കാക്കുന്ന മിസിംഗ് പരാതികളൊന്നും തളിപ്പറമ്പ് പോലീസിൽ ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ തലയോട്ടി ഇവിടെ എങ്ങനെയെത്തിയെന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്.
തലയോട്ടി ലഭിച്ച പ്രദേശം വർഷങ്ങളായി ആരും തിരിഞ്ഞ് നോക്കാത്ത സ്ഥലമായിരുന്നു. ചില സ്വകാര്യ വ്യക്തികൾ അടുത്ത കാലത്തായി റബർ വച്ചതോടെയാണ് തൊഴിലാളികളും മറ്റും ഇവിടേക്ക് എത്തിത്തുടങ്ങിയത്.
തലയോട്ടി കണ്ടെത്തിയ ശേഷം ഇവിടേക്ക് കൃഷിപ്പണിക്ക് പോലും ആരും എത്താതായതോടെ പ്രദേശം പൂർണമായും ഉപേക്ഷിച്ച നിലയിലാണ്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണം ഊർജിതമാക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.