സ്വന്തം ലേഖകൻ
തലശേരി: യുഎഇ കോൺസുലേറ്റിക്കുള്ള നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ദുബായി രാജകുടുംബത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്.
രാജകുടുംബത്തിലെ ഒരംഗത്തിന്റെ തോക്കേന്തിയ രാത്രികാല നൃത്തം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഈ ഉന്നത ഉദ്യോഗസ്ഥന് പുറത്തായതോടെയാണ് ഇവര്‍ തന്റെ പ്രവര്‍ത്തന കേന്ദ്രം പൂര്‍ണമായും കേരളത്തിലേക്കു മാറ്റിയത്.
മേജര്‍ ജനറല്‍ പദവിയിലിരുന്ന ഈ ഉദ്യോഗസ്ഥനു ദുബായിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് കൂടെ വന്നതോടെ സ്വപ്നയുടെ അധികാരത്തിന് ഇടിവ് സംഭവിക്കുകയായിരുന്നു.
കേരളത്തിലെ ഇടത്-വലത് മുന്നണികളിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഒരുക്കി കൊടുത്തതു ദുബായിയിലെ ഇടതു സഹായാത്രികനായ മാധ്യമ പ്രവര്‍ത്തകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
ദുബായിയിലെത്തുന്ന ഉന്നത നേതാക്കൾക്ക് അറബികള്‍ മാത്രം എത്തുന്ന നിശാ ക്ലബുകളില്‍ കയറാന്‍ അവസരമൊരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വപ്ന ചെയ്തിരുന്നതായി അവരുടെ കൂടെ ഡ്രൈവറായിരുന്ന യുവാവ് വെളിപ്പെടുത്തി.
കേരളത്തില്‍നിന്നു എത്തുന്ന മന്ത്രിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്ന ഇവര്‍ സര്‍ക്കാര്‍ തലത്തിലെ വന്‍ ഇടപാടുകളില്‍ ഇടനിലക്കാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.