പ്രണയത്തിനു കണ്ണും പ്രായവുമില്ല എന്നു പറയുന്നതു മാതാഹരിയുടെ കാര്യത്തിലും ശരിയായിരുന്നു. സമൂഹത്തിലെ ഉന്നതരെയും ഉയർന്ന ഉദ്യോഗസ്ഥരെയുമെല്ലാം തന്റെ സർപ്പസൗന്ദര്യത്തിന്റെ മാദക നിഴലിൽ ചുറ്റിച്ച മാതാഹരിയുടെ ഉറക്കം കെടുത്തിയത് ഒരു ഇരുപത്തിയൊന്നുകാരനായിരുന്നു- റഷ്യൻ സേനാംഗമായ ക്യാപ്റ്റൻ വ്ളാദിമിർ മസ്ലോഫ്.
മസ്ലോഫിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. പ്രായമോ ദേശമോ മാതാഹരിയുടെ ഭൂതകാലമോ ഒന്നും മസ്ലോഫിന്റെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത കുറച്ചില്ല. അവർ ഇരുവരും അടുത്തു. രണ്ടു ശരീരങ്ങൾ തമ്മിലുള്ള അടുപ്പം എന്ന നിർവചനത്തിനപ്പുറത്തേക്കു നീളുന്നതാണ് പ്രണയം എന്നു മാതാപരി അനുഭവിച്ചറിഞ്ഞതു മസ്ലോഫിൽ നിന്നായിരിക്കാം.
പ്രണയത്തിനിടയിലെ യുദ്ധം
യുദ്ധകാലത്തു റഷ്യയുമായി സഖ്യം പ്രഖ്യാപിച്ചുനിന്നു പോരാടാൻ ഫ്രാൻസിൽനിന്ന് ഒരു ബറ്റാലിയനെ അയച്ചിരുന്നു. ക്യാപ്റ്റൻ മസ്ലോഫും ഈ സംഘത്തിലെ അംഗമായിരുന്നു.
പ്രണയത്തിലായി അധികം വൈകാതെ തന്റെ പ്രിയതമനോടു താത്കാലികമായി വിട പറയേണ്ടി വന്നതു പോലും മാതാഹരിയിലെ പ്രണയിനിക്കു സഹിക്കാനായില്ല. ഏറെ ക്ലേശിച്ചാണ് മസ്ലോഫ് മാതാഹരിയോടു യാത്ര പറഞ്ഞുപോയത്.
രാജ്യത്തിനു വേണ്ടി പോരാടുക എന്നതും തനിക്ക് അവളോടുള്ള പ്രണയം പോലെതന്നെ പ്രധാനമാണെന്നു മാതാഹരിയെ പറഞ്ഞു മനസിലാക്കി ആ സൈനികൻ യുദ്ധമുഖത്തേക്കു പോയി.
എത്രയും പെട്ടെന്നു തിരിച്ചു വരാമെന്നു വാക്കുനൽകി, കാമുകിയുടെ നെറ്റിയിൽ ഒരു ചുംബനം സമ്മാനിച്ചിറങ്ങുന്പോൾ മസ്ലോഫ് അറിഞ്ഞിരുന്നില്ല കാത്തിരുന്ന ദുരന്തത്തിന്റെ ആഴം.
ദുരന്തമായ ഗ്യാസ് ബോംബ്
ഒരു ഗ്യാസ് ബോംബായാണ് ദുരന്തം അവരുടെ ജീവിതത്തിലേക്കു വന്നു പതിച്ചത്. ആക്രമണത്തിൽ മസ്ലോഫിന്റെ ശ്വാസകോശവും സ്വരനാളപാളിയും തകർന്നു. എന്നാൽ, അതുകൊണ്ടും ദുരന്ത പരീക്ഷണങ്ങൾ അവസാനിച്ചില്ല.
തന്റെ പ്രിയതമയെ കണ്ടുകൊതി തീരും മുൻപേ മസ്ലോഫിന് ഇടതു കണ്ണ് നഷ്ടമായി. മറുകണ്ണിന്റെ കാര്യത്തിൽ യാതൊരുവിധ ഉറപ്പും പറയാനാകില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. മാതാഹരിക്കു സഹിക്കാവുന്നതിനപ്പുറമായിരുന്നു ഈ ദുരന്തം.
ഭ്രാന്തുപിടിച്ച അവസ്ഥയിലായി അവൾ. മസ്ലോഫിനെ ഒരു നോക്കു കാണാനുള്ള അനുമതി തേടി അവൾ അവൾ പല വാതിലുകളിലും മുട്ടി. ഒടുവിൽ വിറ്റലിലെ മിലിട്ടറി ആശുപത്രിയിൽ മസ്ലോഫ് സുഖംപ്രാപിച്ചുതുടങ്ങി എന്ന വാർത്ത ഒരു ആശ്വാസം പോലെ മാതാഹരിയെ തേടിയെത്തി.
എന്നാൽ, സേനാംഗങ്ങൾക്കു മാത്രം പ്രവേശനമുള്ള പ്രദേശമായിരുന്നു വിറ്റൽ. അവിടെയെത്തി മസ്ലോഫിനെ കാണുക എന്നതു മാതാഹരിക്കു സ്വപ്നത്തിൽപോലും ചിന്തിക്കാൻ സാധിക്കുന്നതായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവൾ തന്റെ പരിചയക്കാരായ ഉദ്യോഗസ്ഥരോടു സഹായം അഭ്യർഥിച്ചു.
അതേസമയം, വിറ്റലിലേക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി പതിവായി അധികാരികൾക്കു മുന്നിൽ എത്തിയിരുന്ന നാല്പതുകാരിയെ ക്യാപ്റ്റൻ ജോർജസ് ലാഡോ നിരീക്ഷിച്ചു വരികയായിരുന്നു.
ഫ്രഞ്ച് ഇന്റലിജൻസിലെ ഉദ്യോഗസ്ഥനായിരുന്ന ജോർജസിനായിരുന്നു ജർമൻ സേനയുടെ രഹസ്യങ്ങൾ ചോർത്തുന്നതിന്റെ ചുമതല. വിറ്റലിലേക്കു പ്രവേശനം ലഭിക്കാനായി മാതാഹരി പറഞ്ഞ കാരണങ്ങൾ കളവാണെന്നു ജോർജസിനു തുടക്കത്തിലെ മനസിലായി. ഫ്രഞ്ച് ഇന്റലിജൻസ് വിഭാഗം നാളുകളായി തന്നെ പിന്തുടരുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല.
ശത്രുപക്ഷത്തോ?
യുദ്ധത്തിൽ മാതാഹരിയുടെ അനുകന്പ ശത്രുപക്ഷത്തിനോടാണോ എന്നറിയാൻ ലാഡോ തണുപ്പൻ മട്ടിൽ ഒരു ശ്രമം നടത്തി. എന്നാൽ, ഇവിടെ വിജയിച്ചതു മാതാഹരി ആയിരുന്നു.
ഔദ്യോഗികമായി ഡച്ച് പൗരത്വമുണ്ടെങ്കിലും താൻ പാരീസിനെ തന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നുവെന്നും ഫ്രാൻസിന്റെ വിജയം കാണാനാണ് ആഗ്രഹിക്കുന്നതെന്നും അവൾ പറഞ്ഞു. ആത്മാർഥമെന്നു കരുതാവുന്നതാണ് അവളുടെ വാക്കുകൾ എന്നയാൾക്കു തോന്നി.
എങ്കിലും അവളെ പൂർണമായി വിശ്വസിക്കാൻ അയാളുടെ ഉള്ളിലെ കൗശലക്കാരനായ ഉദ്യോഗസ്ഥനു സാധിച്ചില്ല. ഫ്രാൻസിനോടുള്ള സ്നേഹം വെളിപ്പെടുത്താൻ, ഫ്രാൻസിനുവേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകാൻ തയാറാണോയെന്നു ചോദിച്ചു ലാഡോ മാതാഹരിക്കു മുന്നിൽ അടുത്ത ചൂണ്ട എറിഞ്ഞു.
ഡച്ച് പൗര എന്ന പദവിയും ജർമൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവളുടെ മുൻ ബന്ധങ്ങളും പ്രയോജനപ്പെടുത്തിയാൽ നിനക്കതു നിഷ്പ്രയാസം സാധിക്കുമെന്നും അയാൾ പറഞ്ഞു.
(തുടരും).