‘ചിങ്ങവനം: കൊല്ലാട് പാറയ്ക്കൽ കടവ് റോഡിൽ സാമൂഹ്യ വിരുദ്ധർ ബൈക്ക് കത്തിച്ച സംഭവത്തിൽ സയന്റിഫിക് വിദഗ്ദർ ഇന്ന് തെളിവെടുപ്പ് നടത്തും.
പൂർണമായും കത്തി നശിച്ച ബൈക്ക് റോഡിൽ നിന്നും ഇതുവരെ മാറ്റിയിട്ടില്ല. ഇന്നലെ പുലർച്ചെയാണ് സമീപവാസിയും മെഡിക്കൽ റെപ്രസന്റേറ്റീവുമായ പ്രലീഷ് ഭവനിൽ പ്രലീഷിന്റെ 2012 മോഡൽ പൾസർ ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ക്ലച്ച് കേബിൾ പൊട്ടിയതിനെ തുടർന്ന് മലമേൽക്കാവ് ക്ഷേത്രത്തിലേക്കുള്ള ആർച്ചിന് സമീപം വഴിയരികിൽ വെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും 100 മീറ്റർ മാറി റോഡിലാണ് ഇന്നലെ രാവിലെ കത്തിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബൈക്കിലും, സ്കൂട്ടറിലുമായെത്തിയ നാലു യുവാക്കളിൽ ഒരാൾ ബൈക്കിൽ കയറി തള്ളി സ്റ്റാർട്ടാക്കാനുള്ള ശ്രമം നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്.
ബൈക്ക് കടത്തി കൊണ്ടു പോകാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ കത്തിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ചിങ്ങവനം: പാറയ്ക്കൽ കടവും, സമീപ പ്രദേശങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്ന് നാട്ടുകാർ. നേരം ഇരുട്ടിയാൽ സമീപവാസികൾക്കു പോലും ഇതുവഴി കടന്നുപോകാൻ ഭയമാണ്. ഇവിടെനിന്ന് അര കിലോമീറ്റർ ദൂരത്തിലാണ് ഇന്നലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചത്.
പനച്ചിക്കാട് പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാറയ്ക്കൽ കടവ് ഉല്ലാസ കേന്ദ്രമായി നിലനിർത്തുന്നതിന് ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുൻപ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ നവീകരിച്ചിരുന്നു. പിന്നീട് ആരും തിരിഞ്ഞു നോക്കാനില്ലാതെ വന്നതോട അനാശാസ്യ പ്രവർത്തകരുടെ താവളമാകുകയായിരുന്നു.
കാലവർഷം തുടങ്ങിയതോടെ വലവീശിന്റെയും, ചൂണ്ടയിടീലിന്റെയും മറപിടിച്ച് സാമൂഹ്യ വിരുദ്ധരും തന്പടിക്കുന്നുണ്ടെന്ന് മീൻ പിടുത്തക്കാർ പറയുന്നു. പോലീസിന്റെ ശ്രദ്ധ അടിയന്തിരമായി ഇവിടേക്ക് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.