കോട്ടയം: സ്വതന്ത്ര്യ നിലപാട് സ്വീകരിച്ചിരിക്കുന്ന കേരള കോണ്ഗ്രസ് എം ജോസ് വിഭാഗത്തിൽ ഏത് മുന്നണിക്കൊപ്പം ചേരണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നു. എൽഡിഎഫിനൊപ്പം ചേരാൻ ഒരു വിഭാഗത്തിനു താൽപ്പര്യമുണ്ടെങ്കിലും ഒരു എംഎൽഎ ഉൾപ്പെടുന്ന മറ്റൊരുവിഭാഗം നേതാക്കൾക്കു ഇതിനോടു യോജിപ്പില്ല.
ഉടൻ നടക്കുന്ന ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പിലും ജോസ് വിഭാഗത്തിലെ പ്രാദേശിക നേതാക്കളിൽ നല്ലൊരു ശതമാനം പേർക്കും യുഡിഎഫിനൊപ്പം നില്ക്കുന്നതിനോടാണ് താൽപ്പര്യം.
ഇക്കാര്യത്തിൽ പല നേതാക്കളും വ്യത്യസ്തമായ അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കുന്നതിനാലാണ് ജോസ് വിഭാഗത്തിനു സ്റ്റിയറിംഗ് കമ്മിറ്റിയിൽ അന്തിമമായ തീരുമാനം എടുക്കാൻ സാധിക്കാതെ വന്നിരിക്കുന്നത്.
ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നും ഒഴിവാക്കുന്നതിനോടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുസ്ലിം ലീഗ്, ആർഎസ്പി നേതാവ് ഷിബു ബേബി ജോണ് തുടങ്ങിയവർക്കു യോജിപ്പില്ല.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ, പി.ജെ. ജോസഫ് തുടങ്ങിയവർക്കു ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നും ഒഴിവാക്കുന്നതിനോടാണു താൽപര്യമെന്ന് ആരോപണമുണ്ട്.
അടുത്ത നിയമസഭ തെഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നതുമായി ബന്ധപ്പെട്ടു യുഡിഎഫിലെ എ, ഐ ഗ്രൂപ്പുകളിലുടെ ഭിന്നതയാണ് ഇ്ത്തരം താൽപ്പര്യത്തിനു പിന്നിൽ.
ഇക്കാര്യങ്ങളൊക്കെ നിലനില്ക്കുന്നതിനാലാണു മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾക്കു അന്തിമ തിരുമാനം എടുക്കാൻ സാധിക്കാത്തത്.
യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയതിന്റെ പിറ്റേന്നു തന്നെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു ചരൽക്കുന്ന് മോഡലിൽ സ്വതന്ത്ര്യ നിലപാട് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്വതന്ത്ര്യ നിലപാടിൽ പാർട്ടി അധികനാൾ മുന്നോട്ടു പോകുന്നതിനോട് അണികൾക്കു യോജിപ്പില്ല. എത്രയുംപെട്ടെന്നു പാർട്ടി ഏതെങ്കിലും മുന്നണിക്കൊപ്പം ചേരണമെന്നാണ് അണികളുടെ ആഗ്രഹം. ഇടതുപ്രവേശനം സംബന്ധിച്ചു ആരുമായും ചർച്ച ചെയ്തിട്ടില്ലെന്നാണ് ജോസ് കെ. മാണി ഇന്നലെയും പറഞ്ഞത്.