വൈപ്പിന്‍: മുനമ്പത്ത് പോലീസ് ജീപ്പ് കട്ടപ്പുറത്തായപ്പോള്‍ സ്വന്തം കാര്‍ പട്രോളിംഗ് വാഹനമാക്കി വ്യത്യസ്ഥനാകുകയാണ് എസ്ഐ വി.ബി റഷീദ്. ഇന്ധനം നിറയ്ക്കുന്നതും സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നറിയുമ്പോള് അതും ഇദ്ദേഹത്തിന്റെ മഹത്വം കൂട്ടുകയാണ്. കഴിഞ്ഞ ഒന്നരമാസക്കാലമായി ഇതാണ് സ്ഥിതി.
ഇപ്പോഴാകട്ടെ സ്റ്റേഷന് പരിധിയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളുമാണ്. ഇവിടെയെല്ലാം യഥാസമയം പട്രോളിംഗ് നടത്താന്‍ വാഹനം വേറെയില്ല.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പാകട്ടെ പ്രതികളെ കൊണ്ട് പോകാനും വിഐപി എസ്കോര്‍ട്ടും, പൈലറ്റും, എയര്‍പോര്‍ട്ട് ഡ്യൂട്ടിയുമൊക്കയായി പോകുകയാണ് പതിവ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് എസ്ഐ സ്വന്തം കാറ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
മേയ് 25ന് ചെറായി കരുത്തലയില്‍ വെച്ച് അപകടത്തില്‍പെട്ടാണ് ജീപ്പ് കട്ടപ്പുറത്തായത്. ഇതിപ്പോള്‍ അങ്കമാലിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ അത്യാസന്ന നിലയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ 45000 രൂപ വേണം.
എഴുത്തുകുത്തുകള്‍ കുറെ നടത്തി. ഡിപ്പാര്‍ട്ട്മെന്റിന്റെ കനിവിനായി കാത്തിരിക്കുകയാണ് എസ്ഐയും മുനമ്പത്തെ പോലീസുകാരും.