സ്വന്തം ലേഖകൻ
അവണൂർ: കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ കസ്റ്റഡിയിലായതായി സൂചന. മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴികളും അടിസ്ഥാനമാക്കിയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ചിലർ കസ്റ്റഡിയിലായതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊലപാതകം അടക്കം നിരവധി കേസിലെ പ്രതിയായ വരടിയം സ്വദേശി സിജോ(25)യെ ഫോണിൽ വിളിച്ച് വരുത്തി ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. സിജോയുടെ മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തി. പരിശോധനാഫലം നെഗറ്റീവായതിനാൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിജോയ്ക്കൊപ്പമുണ്ടായിരുന്ന ലാലൂർ സ്വദേശിയായ സുഹൃത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ല. മറ്റു മൂന്നുപേർ ആക്രമണമുണ്ടായപ്പോൾ ഓടി രക്ഷപ്പെട്ട് പലയിടത്തായി ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ നേരം പുലർന്ന ശേഷമാണ് ഇവർ ഒളിയിടങ്ങളിൽനിന്ന് പുറത്തുവന്നത്.
കാറുകളിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം സിജോയെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന. കൊല്ലടാ എന്നാക്രോശിച്ചാണ് സിജോയെ വെട്ടിയതെന്ന് പറയുന്നു. സിജോയുടെ സുഹൃത്തുക്കളിൽ ലാലൂർ സ്വദേശി ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.
കഞ്ചാവുകച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, പേരാമംഗലത്ത് 2019 ഏപ്രിൽ 24നു രണ്ടുപേരെ വാനിടിച്ചുവീഴ്ത്തി വെട്ടിക്കൊന്ന കേസിൽ അന്ന് പിക്കപ്പ് വാൻ ഓടിച്ചിരുന്ന പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ സ്വകാര്യബസിൽ ജോലിചെയ്യുകയായിരുന്നു.
ഒരുമിച്ചിരുന്നു മദ്യം കഴിക്കാനും കഞ്ചാവ് വാങ്ങിക്കാനും സുഹൃത്തായ വൈശാഖ് ക്ഷണിച്ചുവരുത്തിയാണ് മറ്റു സുഹൃത്തുക്കളായ നാലു പേരുടെ ഒപ്പം സിജോ എത്തിയത്. പറഞ്ഞ സ്ഥലത്ത് ആളെ കാണാതെ വന്നപ്പോൾ ബൈക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുട്ടത്ത് നിർത്തിയിട്ടിരുന്ന കാർ പാഞ്ഞുവന്ന് ഇടിച്ചുതെറിപ്പിച്ചത്.
താഴെ വീണ സിജോയെ കാറിൽ എത്തിയവർ മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബൈക്ക് അന്പതു മീറ്റർ വലിച്ചു കൊണ്ടുപോയാണ് കാർ നിർത്തിയത്. അസമയത്ത് ചിലർ റോഡിലൂടെ ഓടുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തല പൊളിഞ്ഞ നിലയിൽ റോഡിൽ കിടന്ന യുവാവിനെ സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
2019ൽ നടന്ന ഇരട്ട കൊലക്കേസും ബോംബ് ഉണ്ടാക്കിയതുമടക്കം ഏഴു കേസിൽ പ്രതിയായ സിജോ ത്യശൂർ പറവട്ടാനിയിൽ ആയിരുന്നു മുന്പ് താമസം. പിന്നിട് വരടിയത്തേക്ക് താമസം മാറ്റി. പരോളിൽ ഇറങ്ങിയ സിജോയ്ക്ക് മുന്പ് കൊല്ലപ്പെട്ട ആളുടെ സഹോദരന്റെ വധ ഭീഷണിയുള്ളതുകൊണ്ടാണ് രാത്രി സുഹൃത്തുക്കളെ കൂടെ കൂട്ടിയത്.
കൊലയ്ക്കു ശേഷം പ്രതികളിൽ ഒരാൾ സിജോയുടെ ബൈക്കുമായാണ് രക്ഷപെട്ടത്. ബൈക്ക് പിന്നീട് ഒന്നര കിലോമീറ്റർ അകലെ അവണൂർ ശാന്ത സ്കൂളിനു സമിപത്തും ഒരു സീലോ കാർ അമല ആശുപത്രിയുടെ സമീപത്തും ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, ഗൂരൂവായൂർ എസിപി ബിജു ഭാസ്കർ, മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.പി. ജോയി, ഗുരുവായൂർ എസ്എച്ച്ഒ കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.