സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഇടതുമുന്നണി സര്‍ക്കാരിനെതിരേയും ശക്തമായ നിലപാടെടുക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് കേന്ദ്രനിര്‍ദേശം.
നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വാക് പോര് നടത്തി ഇടഞ്ഞു നില്ക്കുന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മുഖ്യമന്ത്രിയൂടെ ഓഫിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് നീക്കം.
നിലവില്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ഇതുകൂടി മുന്നില്‍ കണ്ടാണ് ഐടി സെക്രട്ടറിക്കെതിരേ പെട്ടെന്നുതന്നെ നടപടിസ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നാണ് വിവരം.
സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെടാനും ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഇടതു സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും അതിന് ബിജെപിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം തടസമാകരുതെന്നും കേന്ദ നിര്‍ദേശമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇടഞ്ഞു നില്ക്കുന്ന കെ. സുരേന്ദ്രനും പി.കെ.കൃഷ്ണദാസും മണിക്കൂറുകളുടെ ഇടവേളയില്‍ വാര്‍ത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
സിപിഎം ഭരണം അവശേഷിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം സിപിഎമ്മിനെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതും അത്യാവശ്യമാണെന്ന വിലയിരുത്തലാണ് കേന്ദ്രനേതൃത്വത്തിനുള്ളത്.
ഇടതു തുടര്‍ഭരണം സ്വകാര്യചാനല്‍ സര്‍വേയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങളിലൂടെ സര്‍ക്കാര്‍ ഇമേജ് തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും.
എല്ലാ ജില്ലകളിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. നാളെ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്തിന് പഞ്ചായത്തുതലത്തിലും 11 ന് വാര്‍ഡ് തലത്തിലും പ്രതിഷേധപരിപാടികള്‍ നടത്തും. ഇതിനായി ഒരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.