അതിരപ്പിള്ളി: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനു പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂവിസ് ഗേറ്റ് ഇന്നുരാവിലെ 8.30ന് തുറന്നു.
ഇതോടെ പുഴയിലെ ജലനിരപ്പ് മൂന്ന് അടിവരെ ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. മന്ത്രി എ. സി മൊയ്തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
സ്ലൂവിസ് ഗേറ്റിലൂടെ ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി വെള്ളത്തോടൊപ്പം പുറത്തേക്കുപോകുന്നതിനാലാണ് വെള്ളം കലങ്ങുവാനുള്ള പ്രധാന കാരണംയ പെരിങ്ങൽ ഡാമിൽ വൻ തോതിൽ ചെളി അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ 2018 ലെ പ്രളയത്തിനുശേഷം ഡാമിലെ ചെളി നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കുവാൻ സർക്കാർ നീക്കം ആരംഭിച്ചിരുന്നെങ്കിലും സാങ്കേതി പ്രശ്നം ഉന്നയിച്ചതോടെ നടന്നില്ല.
ഡാമിലെ ചെളി നീക്കം ചെയ്താൽ ഇന്ന് അനുഭവപ്പെടുന്ന വെള്ളപ്പൊക്ക ഭീഷണി ഒരുപരിധിവരെ ഒഴിവാക്കാൻ കഴിയും. ഇപ്പോൾ ശക്തമായ മഴ പെയ്താൽ അപ്പോൾതന്നെ ഡാം നിറയുന്ന അവസ്ഥയാണ്.