കൽപ്പറ്റ: പൊതുവിദ്യാലയങ്ങളിൽ കലാകായിക, പ്രവൃത്തിയ പരിചയ വിഷയങ്ങൾ അഭ്യസിപ്പിക്കുന്ന സ്പെഷലിസ്റ്റ് അധ്യാപകർ ജോലിയും കൂലിയുമില്ലാതെ ദുരിതത്തിൽ. സമഗ്ര ശിക്ഷ കേരള(എസ്എസ്കെ) മുഖേന ജൂണ് ഒന്നു മുതൽ നടത്തേണ്ട നിയമനം കോവിഡ് പശ്ചാതലത്തിൽ മുടങ്ങിയതാണ് സ്പെഷലിസ്റ്റ് അധ്യാപകർക്കു വിനയായത്.
വേതനം മുടങ്ങിയ ഇവരും കുടുംബാംഗങ്ങളും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുകയാണ്. ഇതു കണക്കിലെടുത്ത് ഇടക്കാല ആശ്വാസം അനുവദിക്കാൻ ഉത്തരവാദപ്പെട്ടവരും തയാറാകുന്നില്ല.
കേന്ദ്രാവിഷ്കൃത സർവശിക്ഷ അഭിയാനിനു(എസ്എസ്എ) കീഴിൽ 2016 ഡിസംബറിലാണ് സംസ്ഥാനത്തു ആദ്യമായി പൊതുവിദ്യാലയങ്ങളിൽ സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചത്. അധ്യയനവർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലായിരുന്നു നിയമനം. 28,000 രൂപയായിരുന്നു പ്രതിമാസ വേതനം.
2018ൽ സർവ ശിക്ഷ അഭിയാൻ സമഗ്ര ശിക്ഷ കേരള എന്ന പദ്ധതിയായി മാറിയപ്പോൾ പ്രതിമാസ വേതനം 7,000 രൂപയാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.
ഈ വേതനം തീരേ കുറവാണെന്നു കണ്ട സംസ്ഥാന സർക്കാർ 7,000 രൂപ കൂട്ടിച്ചേർത്തു മാസം 14,000 രൂപ വേതനത്തിൽ സ്പെഷലിസ്റ്റ് അധ്യാപകരെ ഫുൾടൈമായി നിയമിച്ചു. നിയമനം വൈകിയതിനാൽ കഴിഞ്ഞ രണ്ടു വർഷവും എട്ടു മാസം വീതമാണ് അധ്യാപകർക്കു ജോലി ലഭിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ ഈ അധ്യയനവർഷം സ്പെഷലിസ്റ്റ് അധ്യാപക നിയമനം നടന്നില്ല. വയനാട്ടിൽ മാത്രം 110 നിയമനങ്ങളാണ് നടത്തേണ്ടത്.
ഇതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനു 13 മുതൽ എസ്എസ്കെ ജില്ലാ ഓഫീസിനു മുന്നിൽ റിലേ സത്യഗ്രഹം ആരംഭിക്കാനാണ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഘടകത്തിന്റെ തീരുമാനം.
കോവിഡ് പ്രതിരോധ മാനദ്ണ്ഡങ്ങൾ പാലിച്ച് ദിവസവും അഞ്ചു പേർ സത്യഗ്രഹത്തിൽ പങ്കെടുക്കും. ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായതിനുശേഷമേ സമരം നിർത്തൂവെന്നു അവർ പറഞ്ഞു.