രഹസ്യങ്ങൾ ചോർത്താൻ നിനക്കു വളരെ എളുപ്പം കഴിയും… ആത്മധൈര്യം കുത്തിവച്ചുകൊണ്ട് അയാളുടെ വാക്കുകൾ അവളുടെ ഉള്ളിലേക്കു തുളച്ചുകയറി. ഉടൻ ഒരു തീരുമാനത്തിലേക്ക് എത്തണമെന്നില്ലെന്നും നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതിയെന്നും പറഞ്ഞു ലാഡോ മടങ്ങി.
“തന്റെ ജീവിതത്തിൽ ഇന്നോളം നടന്നതെല്ലാം സ്വന്തം തീരുമാനപ്രകാരം മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ സംഭവിക്കുന്നതോ? മറ്റാരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ ആവശ്യപ്പെടുന്നു.
മറ്റാർക്കോ വേണ്ടി ഇന്നുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരുന്നു. പക്ഷേ, മസ്ലോഫിന്റെ ആരോഗ്യവും ചികിത്സയുമാണ് ഇപ്പോൾ പ്രധാനം”. ഒരായിരം ചോദ്യങ്ങൾ ഉൽക്ക പോലെ അവളുടെ നെഞ്ചിൽ പതിച്ചു. ജീവിതത്തിനും പ്രണയത്തിനും യുദ്ധത്തിനുമിടയിൽ ഇനിയെന്തെന്നറിയാതെ മാതാഹരി ആദ്യമായി പകച്ചുനിന്നു.
അന്നു മുഴുവൻ മാതാഹരിയുടെ കാതുകളിൽ മുഴങ്ങിയതു ലാഡോയുടെ വാക്കുകളാണ്. ഉള്ളിൽ മസ്ലോഫിനോടുള്ള അടങ്ങാത്ത പ്രണയവുമായി ജീവിച്ച അവൾക്കു ലാഡോയുടെ വാക്കുകളെ തള്ളാനായില്ല.
ആ രാത്രി തന്റെ കിടപ്പുമുറിയിലെ കണ്ണാടിക്കു മുന്നിൽ മാതാഹരി ഏറെനേരം അവളെത്തന്നെ നോക്കിനിന്നു. എന്നിട്ടു സ്വയം പറഞ്ഞു – മാതാഹരി ചാരവൃത്തിയിലേർപ്പെടുന്നു, രാജ്യത്തിന്റെ ചാരവനിതയാകുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ചാര വനിതയാകാൻ മാതാഹരി മാനസികമായി തയാറെടുത്തു.
അടുത്ത ദിവസം സൂര്യൻ ഉദിക്കുന്നതിനായി അവൾ കാത്തിരുന്നു. പുലർവെട്ടം മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങിയതും അവൾ ലാഡോയുടെ അടുത്തേക്കു യാത്രയായി.
രാജ്യത്തിനു വേണ്ടി ചാരവനിതയാകാൻ ഞാൻ തയാറാണ് – അവൾ ലാഡോയെ അറിയിച്ചു. ലഭിച്ചതു പ്രതീക്ഷിച്ചിരുന്ന മറുപടി ആയതിനാൽ അയാൾക്കു തെല്ലും അദ്ഭുതം തോന്നിയില്ല. മറിച്ചു താൻ ഏറ്റെടുത്ത ഒരു ദൗത്യംകൂടി വിജയിച്ചതിന്റെ സന്തോഷമായിരുന്നു ലാഡോയുടെ മുഖത്ത്.
സേന അവൾക്കു പ്രത്യേക പരിശീലനവും നിർദേശങ്ങളും നൽകി. അങ്ങനെ അവിവാഹിതയും അതിസുന്ദരിയും കുപ്രസിദ്ധയുമായ ഡോക്ടർ എൽസബത്ത് ഷ്രാഗ്മുള്ളറിന്റെ നേതൃത്വത്തിലുള്ള ചാരസംഘത്തിൽ മാതാഹരിയും അംഗമായി.
തന്ത്രങ്ങളൊരുക്കി അവൾ
ജർമൻ സേനയുടെ ക്യാന്പിൽ ഭക്ഷണം എത്തിച്ചിരുന്ന വുർഫ്ബിൻ എന്ന പഴയ പരിചയക്കാരനെ മാതാഹരി ഓർത്തു. ആർക്കും അത്ര ആകർഷകത്വം തോന്നാത്ത രൂപമായിരുന്നു വുർഫ്ബിന്റേത്.
അതുകൊണ്ടുതന്നെ മുതിർന്ന സേനാ ഉദ്യോഗസ്ഥന്മാരുമായുള്ള പരിചയം പൊലിപ്പിച്ചു പറഞ്ഞാണ് അയാൾ സുന്ദരികളായ സ്ത്രീകളിൽ തന്നെക്കുറിച്ചു മതിപ്പുളവാക്കുന്നത്.
ജർമൻ മിലിട്ടറി ഗവർണറായ ജനറൽ മോറിറ്റ്സ് വോൺ ബിസിംഗുമായുള്ള അടുപ്പത്തിന്റെ കഥകൾ പറഞ്ഞാണ് വുർഫ്ബിൻ മാതാഹരിയുമായി അടുക്കുന്നത്. അയാൾ പറഞ്ഞ കഥകൾ പൂർണമായി വിശ്വസിക്കാൻ തയാറാകാതിരുന്നതിനാൽ ബിസിംഗിനെത്തന്നെ വുർഫ്ബിൻ മാതാഹരിക്കു പരിചയപ്പെടുത്തിക്കൊടുത്തിരുന്നു.
ആ പരിചയപ്പെടൽ കഴിഞ്ഞ് ഏകദേശം ഒരു ദശകം പിന്നിട്ടെങ്കിലും ആ സൗഹൃദം തങ്ങളുടെ പദ്ധതിക്കായി പ്രയോജനപ്പെടുത്താമെന്നു മാതാഹരി ലാഡോയോടു പറഞ്ഞു.
തുടക്കത്തിൻ ശങ്കിച്ചു നിന്നെങ്കിലും മാതാഹരിയുടെ ആത്മവിശ്വാസവും പ്രസരിപ്പും കണ്ടപ്പോൾ നിരുത്സാഹപ്പെടുത്താൻ ലാഡോയ്ക്കു സാധിച്ചില്ല. ചെയ്യുന്ന ജോലിക്കു കൃത്യമായി പ്രതിഫലം വാങ്ങുന്ന മാതാഹരി ഇതിനും പ്രതിഫലം ആവശ്യപ്പെട്ടു.
പത്തു ലക്ഷം ഫ്രാങ്ക് ആയിരുന്നു മാതാഹരി ആവശ്യപ്പെട്ടത്. തുക കേട്ട് ഞെട്ടി എന്തു പറയണം എന്നറിയാതെ നിന്ന ലാഡോയ്ക്കു മുന്നിലേക്കു മാതാഹരി ഒരു ഒാഫർകൂടി വച്ചു – ദൗത്യത്തിൽ പരാജയപ്പെട്ടാൽ പണം നൽകേണ്ട. ആ ഡീലിനു സമ്മതം മൂളാതിരിക്കാൻ ലാഡോയ്ക്കു സാധിച്ചില്ല.
ജന്മനാട്ടിലേക്ക്
1916 ഒക്ടോബർ അഞ്ച്, രാത്രി 9.50 ട്രെയിൻ നന്പർ 2492 Aയുടെ എട്ടാം നന്പർ ബെർത്ത് മാതാഹരിയുടേതായിരുന്നു. കൂകിപ്പാഞ്ഞു സ്പെയിനിലേക്കു കുതിച്ച ട്രെയിനിലിരുന്നു അവൾ ധാരാളം സ്വപ്നങ്ങളും പദ്ധതികളും നെയ്തു.
സ്വന്തം വേരുകളിലേക്കായിരുന്നു മാതാഹരിയുടെ ആ യാത്ര. അവളുടെ ജന്മനാട്ടിലേക്ക്, അവൾ ജനിച്ചു വളർന്ന വീട്ടിലേക്ക്. ഇതൊക്കെയും എങ്ങനെ പുറംലോകം പിന്നീട് അറിഞ്ഞു എന്നൊരു ചോദ്യം മനസിൽ ഉയരുന്നുണ്ടാകാം.
ഉത്തരം ഇതാണ് – മാതാഹരി അറിയാതെ അവൾക്കു പിന്നാലെ നിഴൽപോലെ അവരുണ്ടായിരുന്നു- ഫ്രഞ്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ. തന്റെ ജീവിതം മാറ്റിമറിച്ച യാത്ര മാതാഹരി ആരംഭിച്ചത് നവംബർ ഏഴിനാണ്.
(തുടരും).