പല വിദേശ രാജ്യങ്ങളിലും വന്പൻ ഹരമായ ബെല്ലി ഡാൻസ് ഇപ്പോൾ കേരളത്തിലും ചർച്ചയായിരിക്കുന്നു. കഴിഞ്ഞ ദിവസം ഇടുക്കി ശാന്തൻപാറ രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ നിശാ പാർട്ടി കൊഴുപ്പിക്കാനെത്തിയതു ബെല്ലി ഡാൻസറായ യുക്രേനിയൻ സുന്ദരിയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇപ്പോൾ നടത്തിപ്പുകാരും റിസോർട്ടുകാരും ബെല്ലി ഡാൻസുകാരിയുമെല്ലാം ശരിക്കും “കുലുങ്ങി’യിരിക്കുകയാണ്.
ബെല്ലിഡാൻസിന്റെയും പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രാജാപ്പാറയിലെ സംഭവത്തോടെ ബെല്ലി ഡാൻസിന് നമ്മുടെ നാട്ടിലും ഒരു വില്ലൻ പരിവേഷം കിട്ടിക്കഴിഞ്ഞു. ഒറിജിനൽ ബെല്ലി ഡാൻസ് അത്ര കുഴപ്പം പിടിച്ചതാണോ?
ആകെ മാറിപ്പോയി
ഇന്നു പലേടങ്ങളിലും നിശാപർട്ടികൾക്കും മദ്യവിരുന്നുകൾക്കും കൊഴുപ്പ് കൂട്ടുന്നതിലെ പ്രധാന വിഭവമായി ബെല്ലി ഡാൻസ് മാറിയതോടെ ജനങ്ങളുടെ മനസിലും ഇതെന്തോ ഇത്തിരി മോശം സംഭവമാണെന്ന ധാരണ കടന്നുകൂടിയിട്ടുണ്ട്.
എന്നാൽ, അതിസന്പന്നമായ പാരന്പര്യവും ചരിത്രവുമുള്ള നൃത്തരൂപമാണ് ബെല്ലി ഡാൻസ് എന്നതാണ് സത്യം. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വേരുകളുള്ള റാഖ്സ് ഷർക്കി എന്ന നൃത്തരൂപമാണ് പിന്നീടു ബെല്ലി ഡാൻസ് ആയത്.
അരക്കെട്ടിൽ നിന്നുയർന്നു നർത്തകിയുടെ ശരീരമാകെ പടർന്നു കേറുന്ന നൃത്ത ഭാവത്തെ പാശ്ചാത്യർ വിളിച്ച പേരാണ് ബെല്ലി ഡാൻസ്. ഒരുപക്ഷേ ഈ പേരു തന്നെയായിരിക്കാം ഈ നൃത്തരൂപത്തെ വില കുറച്ചുകാണാൻ പലരും ഇടയായതും.
സ്ത്രീകൾക്കായുള്ള ഡാൻസ്
മനോഹരമായ സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് അരക്കെട്ട് ചലിപ്പിച്ചുകൊണ്ടുള്ള നർത്തകിയുടെ ചുവടുകൾ വളരെ വേഗം കലാപ്രേമികളുടെ ഇഷ്ടം നേടിയെടുത്തു.
മിഡിൽ ഈസ്റ്റേൺ ഡാൻസ്, അറബിക് ഡാൻസ് എന്നീ പേരുകളിലും ബെല്ലി ഡാൻസ് അറിയപ്പെടുന്നു. തുർക്കി, ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളാണ് ബെല്ലി ഡാൻസിന്റെ ഉദ്ഭവകേന്ദ്രങ്ങളായി കണക്കാക്കുന്നത്. നിലവിൽ ഓസ്ട്രേലിയ, സ്പെയിൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഈ നൃത്തരൂപത്തിനു ഏറെ സ്വീകാര്യതയുണ്ട്.
സൗന്ദര്യംകൊണ്ടും ആകാരചലനംകൊണ്ടും പുരുഷന്മാരെ ആനന്ദിപ്പിക്കാൻ സ്ത്രീകൾ നടത്തിവരുന്ന നൃത്തരൂപമാണ് ബെല്ലി ഡാൻസ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, പരന്പരാഗത രീതി അനുസരിച്ചു സ്ത്രീകൾ സത്രീകൾക്കായി അവതരിപ്പിക്കുന്ന നൃത്തരൂപമാണിത് എന്നതാണ് യാഥാർഥ്യം.
സാധാരണയായി വിവാഹവേളയിലോ പ്രസവവുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ ആണ് ബെല്ലി ഡാൻസ് അവതരിപ്പിക്കാറ്. ഈ നൃത്തരൂപത്തിന്റെ പരന്പരാഗത രീതിയനുസരിച്ചു പുരുഷന്മാർക്കു വേദിയിൽ പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, ഇതും കച്ചവടവത്കരിക്കപ്പെട്ടു പോയതോടെ പതിവുകളും തെറ്റി.
അത്ര എളുപ്പമല്ല
അരക്കെട്ടിനു പ്രാധാന്യമുള്ള നൃത്തം എന്നാണ് ബെല്ലി ഡാൻസിനെക്കുറിച്ചുള്ള പരക്കെയുള്ള അഭിപ്രായം. എന്നാൽ, നർത്തകിയുടെ ശരീരത്തിലെ ഓരോ അവയവത്തിനും അവയുടെ ചലനത്തിനും ഏറെ പ്രാധാന്യമുള്ള നൃത്തരൂപമാണിത്.
കാഴ്ചയിൽ വളരെ എളുപ്പമാണല്ലോ എന്നു തോന്നുമെങ്കിലും ബെല്ലി ഡാൻസ് പരിശീലിക്കുന്നതും അവതരിപ്പിക്കുന്നതും അത്ര എളുപ്പമല്ലെന്നു വിദഗ്ധർ പറയുന്നു.
വർഷങ്ങൾ നീളുന്ന പരീശിലനം വേണം. നൃത്തരൂപം എന്നതിനുപരി നല്ല വ്യായാമം കൂടിയാണ് ബെല്ലി ഡാൻസ്. മസിലുകൾക്ക് ഉറപ്പു നൽകാനും മെയ്വഴക്കം കൂട്ടാനും സഹായിക്കുന്ന രീതിയിലാണ് ബെല്ലി ഡാൻസിന്റെ ഓരോ ചുവടുകളും ചലനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ബെല്ലി ഡാൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നു നർത്തകിയുടെ വേഷവിധാനമാണ്. പ്രകാശമാനമായ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രവും മുഖാവരണവും പളപളപ്പുള്ള ആടയാഭരണങ്ങളുമിട്ടാണ് നർത്തകർ വേദിയിലെത്തുക.
വയറിനു മുകളിൽ നിൽക്കുന്ന ബ്ലൗസും നീളൻ പാവടകളോ അയഞ്ഞ ഹാരെം പാന്റുകളോ ആകും വേഷം. മേൽവസ്ത്രവും അരയിലെ ബെൽറ്റും മുത്തുകളും സീക്വൻസും ക്രിസ്റ്റലും ഉപയോഗിച്ചു മനോഹരമായി അലങ്കരിച്ചിട്ടുണ്ടാകും.
നർത്തകിയുടെ അരയിൽ കെട്ടിയിരിക്കുന്ന മണികളും നാണയങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുന്ന ബെൽറ്റിന്റെ സംഗീതം നൃത്തത്തിന്റെ ആസ്വാദ്യത വർധിപ്പിക്കും. ഓരോ രാജ്യത്തിന്റെയും സംസ്കാരമനുസരിച്ചു നർത്തകിയുടെ വേഷവിധാനത്തിലും ചെറിയ മാറ്റങ്ങളുണ്ടാകും. ഇതിനു പുറമേ വാൾ, വലിയ പാത്രങ്ങൾ, എരിയുന്ന മെഴുകുതിരികൾ, പാന്പ് തുടങ്ങിയവ നൃത്തത്തിൽ ഉൾപ്പെടുത്തിയും ഈ സുന്ദരിമാർ കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്.
പൊതുവേ നഗ്നപാദയായി നിന്നാകും നൃത്തം അവതരിപ്പിക്കുക. നർത്തകിയും അവരുടെ ഭാവങ്ങളും ഭൂമിയും തമ്മിലുള്ള അടുപ്പം കാണിക്കുന്നതിനായാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഹൈ ഹീലുകളും തിളങ്ങുന്ന ചെരുപ്പുകളുമിട്ടും ബെല്ലി ഡാൻസ് അവതരിപ്പിക്കുന്നവരുമുണ്ട്.
മാറിപ്പോയ ബെല്ലിഡാൻസ്
1983ൽ ഷിക്കാഗോ വേൾഡ് ഫെയറിലാണ് അമേരിക്കയിൽ ആദ്യമായി ബെല്ലി ഡാൻസ് അവതരിപ്പിക്കുന്നത്. അന്നു നൃത്തം ചെയ്തത് ലിറ്റിൽ ഈജിപ്ത് എന്ന പ്രശസ്ത നർത്തകിയാണ്. പുതിയ നൃത്തശൈലിയിൽ ആകൃഷ്ടരായ അമേരിക്കക്കാർ ഇതു സിനിമകളിൽ ഉൾപ്പെടുത്തിത്തുടങ്ങി.
പാരന്പര്യത്തിലും വിശ്വാസങ്ങളിലും ഒതുങ്ങിനിന്നിരുന്ന കലാരൂപത്തിന്റെ പുറംലോകത്തേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു ഇത്. അവിടെനിന്ന് ഈ കലാരൂപം മറ്റു രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും പാറി നടന്നു. ബെല്ലി ഡാൻസിന്റെ പ്രചാരം കൂട്ടുന്നതിനായി ബെല്ലിഡാൻസ് ഉത്സവങ്ങളും പരിശീലന കളരികളും സംഘടിപ്പിച്ചു. പല ടൂർ പാക്കേജുകളിലും ബെല്ലി ഡാൻസ് ആസ്വദിക്കാൻ അവസരമുണ്ട്.
ബെല്ലി ഡാൻസ് അഥവാ റാഖ്സ് ഷർക്കിയെ അതിന്റെ ഈറ്റില്ലത്തിൽ ചെന്നു പഠിക്കാനായി മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന കലാകാരന്മാരുടെ എണ്ണവും ഇന്നു കുറവല്ല. തുടക്കത്തിൽ സ്ത്രീകൾ മാത്രം അവതരിപ്പിച്ചിരുന്ന ഈ നൃത്തലോകത്തേക്കു പതുക്കെ പുരുഷന്മാരു കടന്നുവന്നു.
സ്ത്രീകളും പുരുഷന്മാരും ചേർന്നവതരിപ്പിക്കുന്ന റാഖ്സ് ബലാഡിയെ റാഖ്സ് ഷർക്കിയുടെ ഒരു വകഭേദമായി കരുതുന്നു. ശ്രമകരമായൊരു നൃത്തരൂപമാണെങ്കിലും വേഷവും അവതരണരീതിയുമൊക്കെ നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിൽ പലർക്കും ഉൾക്കൊള്ളാനാവുന്നില്ല എന്നതാണ് സത്യം.