കൊണ്ടോട്ടി: അയാം എയർഹോസ്റ്റസ്…മിസ്റ്റർ..നിങ്ങൾക്ക് പരിശോധനകൾക്ക് പരിധിയുണ്ട്…
കരിപ്പൂരിൽ അരക്കെട്ടിന് താഴെ സ്വർണം ഒളിപ്പിച്ച് കടത്തിയ എയർഹോസ്റ്റസ് കസ്റ്റംസ് ഓഫീസർക്ക് മുന്പിൽ ചൊടിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർ പതറിയില്ല. വനിത ജീവനക്കാർ എയർഹോസ്റ്റസിനെ കുടഞ്ഞിട്ട് ചോദ്യം ചെയ്ത് പരിശോധിച്ചു.
ഒടുവിൽ ഇവരുടെ നാഭിച്ചുഴിയിൽ നിന്ന് കണ്ടെടുത്തത് ഓരോ കിലോ വീതമുളള മൂന്ന് സ്വർണ ബിസ്കറ്റുകളാണ്. സംഭവ ദിവസം തന്നെ ദുബായിൽ ഉന്നത ജോലിയുളള കണ്ണൂർ സ്വദേശിനിയെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് മൂന്ന് കിലോ സ്വർണ ബിസ്ക്കറ്റുകളാണ്.
സ്വർണക്കടത്തിന് കരിയർമാർ മുതൽ ഇടനിലക്കാരെ വരെ സ്വർണക്കടത്ത് മാഫിയ പ്രയോജനപ്പെടുത്തുന്നത് ഉന്നത ഉദ്യോഗസ്ഥരായ വനിതകളെ കൂടിയാണ്. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമുളള ധാരണയാണ് ഇതിന് പിന്നിൽ.
മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലുളള ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നയെ വരെ കളളക്കടത്തുകാർ ഇടനിലക്കാരിയാക്കിയതും ഇത്തരത്തിലുളള വീക്ഷണത്തിലാണ്.
സ്ത്രീകളിൽ നിന്ന് മാത്രം സ്വർണം പിടിക്കപ്പെട്ട സംഭവങ്ങൾ കരിപ്പൂരിലും നെടുന്പാശേരിയിലുമാണ് കൂടുതലുളളത്. കേരളത്തിൽ ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മാത്രം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 400 കിലോ സ്വർണമാണ്. ഇതിൽ 80 കോടിയുടെ 234 കിലോ സ്വർണവും കരിപ്പൂരിലാണ് പിടിച്ചത്.
സ്വർണക്കടത്ത് സംഘത്തിന്റെ പുത്തൻ കുറുക്കുവഴികളും, തന്ത്രങ്ങളുമാണ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കോടികളുടെ പുറത്ത് കടത്താനാകുന്നത്.
കസ്റ്റംസ് ഇന്റലിജൻസ്, ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ), കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്വർണം പിടിക്കുന്നത് മുൻകൂട്ടി രഹസ്യ വിവരം ലഭിക്കുന്പോൾ മാത്രമാണ്. കളളക്കടത്തുകാരുടെ ഒറ്റും കുടിപ്പകയുമാണ് ഇത്തരത്തിലുളള രഹസ്യ വിവരങ്ങൾ കസ്റ്റംസിന് ലഭിക്കാൻ കാരണമാകുന്നത്.
ഒഴുക്കുന്നവരും ഉരുക്കുന്നവരും എന്നും അജ്ഞാതം
യുഎഇ കോണ്സിലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം വിവാദമായിരിക്കെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കോടികളുടെ സ്വർണക്കടത്തിന്റെ തുടർ അന്വേഷണം എക്കാലത്തും വഴിമുട്ടി തന്നെ.
കേരളത്തിലെ വൻകിട ജ്വല്ലറികളിലേക്ക് ഒഴുകുന്ന സ്വർണത്തിന്റെ തുടക്കവും ഒടുക്കവും എന്നും ദുരൂഹമായി തുടരുന്നു. ജീവിത പ്രാരാംബ്ദങ്ങളിൽ കുടുങ്ങുന്ന പ്രവാസികളെ കരിയർമാരാക്കി സ്വർണം വിമാനത്താവളങ്ങൾ വഴി കടത്തുന്പോൾ തനിക്ക് സ്വർണം നൽകുന്ന മാഫിയയെ കുറിച്ചോ, ആർക്കാണ് സ്വർണം എത്തിച്ച് നൽകുന്നതിനെ കുറിച്ചോ കൃത്യമായി വിവരം നൽകാൻ ഒരു കരിയർക്കും നൽകാനായിട്ടില്ല.
തിരുവനന്തപുരത്ത് പിടിച്ച പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയെന്നാണ് ആരോപണം ഉയരുന്പോൾ അത് സ്വപ്നയിൽ അവസാനിക്കുമെന്ന് കളളക്കടത്ത് മാഫിയ കണക്ക് കൂട്ടുന്നു.
കളളക്കടത്തിന്റെ സൂത്രധാന്മാർ മുഴുവൻ ഇടനിലക്കാരെ ഉപയോഗപ്പെടുത്തിയാണ് കളളക്കടത്ത് നടത്തുന്നത്. ആയതിനാൽ സ്വർണം കൊണ്ടുവരുന്ന കരിയറെ ചോദ്യം ചെയ്യുന്പോഴെല്ലാം അന്വേഷണ സംഘത്തിന് എത്തിച്ചേരാനാകുന്നത് ഏതെങ്കിലും വ്യക്തികളിലായിരിക്കും.
ഇതോടെ അന്വേഷണം വഴിമുട്ടുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് കേരളത്തിലേക്കുളള പ്രധാന സ്വർണക്കളളക്കടത്ത്. എന്നാൽ ഇവരിലേക്ക് അന്വേഷണം എങ്ങുമെത്താറില്ല. ഒരു കോടിക്ക് മുകളിൽ സ്വർണം വിമാനത്താവളങ്ങളിൽ ഒരു യാത്രക്കാരനിൽ നിന്ന് പിടിക്കപ്പെട്ടാൽ മാത്രമാണ് നിലവിൽ കേസ് ചാർജ് ചെയ്യുന്നത്. ഒരു കോടിക്ക് താഴെയുളളവയ്ക്ക് സാധാരണ കേസാണ് നിലവിലുളളത്.
ഇത്തരത്തിലുളള സ്വർണം കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയും പിഴയും നൽകിയാൽ കൊണ്ടുവന്ന യാത്രക്കാരന് തന്നെ തിരിച്ചെടുക്കാനാകും. ഇത്തരത്തിലുളള പഴുതുകളാണ് കളളക്കടത്തിന് കുടുതൽ പേർ ആകൃഷ്ടരാകുന്നത്.