തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മൂട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ പലചരക്ക്, പാൽ, റേഷൻ കടകൾ എന്നിവ രാവിലെ ഏഴു മുതൽ 11 വരെ മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. 11 മുതൽ 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യാം. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ അരി റേഷൻകടകൾ വഴി ലഭ്യമാകും.
ജൂലൈ ഒൻപതിന് പൂജ്യം മുതൽ മൂന്നു വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 10ന് നാലു മുതൽ ആറു വരെ അവസാനിക്കുന്ന കാർഡ് ഉടമകളും ജൂലൈ 11ന് ഏഴു മുതൽ ഒൻപതു വരെ അവസാനിക്കുന്ന കാർഡുകാർക്കും റേഷൻ വാങ്ങാം.
ഈ പ്രദേശത്ത് ബാങ്ക് ഉൾപ്പടെയുള്ള പണമിടപാട് സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് ജോലിക്ക് പോകുന്നതിനും അനുമതിയില്ല.