തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെയും സഹായി സന്ദീപ് നായരേയും കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഗൾഫിലടക്കം വലിയ ബന്ധങ്ങളുള്ള ഇവർ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
അന്താരാഷ്ട്ര സ്വർണക്കടത്തു ശൃംഖലയുമായി ബന്ധപ്പെട്ട കിടക്കുന്നതിനാൽ ചാർട്ടേഡ് വിമാനത്തിലടക്കം സ്വപ്ന രാജ്യം വിടാനുള്ള സാധ്യതയുണ്ട്. തലസ്ഥാനത്തേയും മലബാറിലേയും വൻകിട ജ്വല്ലറി വ്യാപാര ശൃംഖലയിലെ പ്രമുഖരുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ ഇതിനകം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജുവഴി കടത്തിയ സ്വർണം മലബാറിലേതടക്കം ചില ആഭരണശാലകൾക്കാണ് കൈമാറിയതെന്ന ശക്തമായ സൂചനകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം സംസ്ഥാനത്തെ പ്രമുഖ ജ്വലറി ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്.
ചില യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെന്ന നിലയിൽ ഗൾഫിലടക്കം ജ്വലറികളുള്ള പലരുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് ഇതിനകം കണ്ടെത്തിയെന്നാണ് വിവരം.
കടത്തിയ സ്വർണം സംസ്ഥാനത്തെ ആഭരണശാലകൾ വഴി മറിച്ചുവിറ്റെന്ന നിഗമനത്തിൽ തന്നെയാണ് ഡിആർഐയും കസ്റ്റസും കേസ് അന്വേഷിക്കുന്നത്.