തിരുവല്ല: തിരുവല്ല ജോളി സിൽക്സ് ജീവനക്കാരി സുപ്രിയയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഹ്യൂമാനിറ്റേറിയൻ അവാർഡ്. ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് സൗദീപ് ചാറ്റർജി ,ഏഷ്യൻ ജൂറി ഡോ.ജോണ്സണ് വി. ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് സുപ്രിയയെ തെരഞ്ഞെടുത്തത്.
ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുന്പോഴാണ് ഒരു വയോധികൻ റോഡിന്റെ നടുവിലൂടെ നടക്കുന്നത് സുപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഓടിച്ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.
ബസ് സ്റ്റാൻഡിലേക്ക് പോകാനായി വന്നതായിരുന്നു ഇദ്ദേഹം. ഭർത്താവ് എത്തിയാൽ ബൈക്കിൽ ഇദ്ദേഹത്തെ ബസ് സ്റ്റോപ്പിലെത്തിക്കാനാണ് സുപ്രിയ പ്ലാൻ ചെയ്തത്. എന്നാൽ ഒരു കെഎസ്ആർടിസി ബസ് വരുന്നതു കണ്ട് കൈകാട്ടി ബസ് കുറച്ചു മുന്പിലുള്ള സ്റ്റോപ്പിൽ നിർത്തി.
ഉടനെ സുപ്രിയ ഓടിച്ചെന്ന് കണ്ടക്ടറോട് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് അപേക്ഷിച്ചു. തുടർന്ന് വയോധികനെ കൈപിടിച്ച് ബസിനരികിലെത്തിച്ചു. ബസ് ജീവനക്കാരുടെ സഹായവും ഇതിനു ലഭിച്ചു. ഈ രംഗമെല്ലാം ആറ്റിൻകര ബിൽഡിംഗിലുള്ള രണ്ടു കുട്ടികൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയ അനുപിനെ വിവാഹം കഴിച്ച് തിരുവല്ല തുകലശേരിയിലാണ് താമസം. മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
സ്ഥാപനത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സുപ്രിയ പങ്കാളിയാണെന്ന് ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ടണ് വി.റാഫേൽ, ടെക്സറ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പറഞ്ഞു.