ചാലക്കുടി: അടിപ്പാത നിർമാണത്തിനുവേണ്ടി ദേശീയപാത അടച്ചുകെട്ടിയ കോടതി ജംഗ്ഷനിൽ ഗതാഗതക്കുരുക്കും അപകടവും പതിവായി. അടിപ്പാത നിർമാണം ആരംഭിച്ചപ്പോൾ കോടതി ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള റോഡിന്റെ ഒരുഭാഗം അടച്ചുകെട്ടിയിരുന്നു.
മുനിസിപ്പൽ ജംഗ്ഷനു വടക്കുഭാഗം മുതൽ ക്രസന്റ് സ്കൂൾവരെ നാലുവരി ഗതാഗതം ഒഴിവാക്കി രണ്ടുവരി ഗതാഗതമാക്കി. ഇതുമൂലം ഈഭാഗത്തു വാഹനങ്ങൾ കടന്നുപോകുന്പോൾ ഗതാഗതക്കുരുക്കും അപകടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോടതി ജംഗ്ഷനിൽ എത്തുന്പോൾ തെക്കുനിന്നും വരുന്ന വാഹനങ്ങൾകൂടി ഒപ്പമെത്തുന്പോഴാണ് കൂട്ടിമുട്ടി അപകടങ്ങൾ സംഭവിക്കുന്നത്. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെ പരിമിതമായ സ്ഥലത്തുകൂടി ഒരുമിച്ച് കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
നേരത്തെ തൃശൂർ ഭാഗത്തുനിന്നും വന്നിരുന്ന വാഹനങ്ങൾ ഈ ഭാഗത്തു സർവീസ് റോഡുവഴി വിട്ടിരുന്നതാണ്. എന്നാൽ, അമിതമായ വാഹനങ്ങളുടെ തിരക്കുമൂലം റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു.
തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോടതി ജംഗ്ഷനിൽ എത്തുന്പോൾ വേഗത കുറയ്ക്കാനുള്ള സംവിധാനം ഇല്ലാത്തതും അപകടഭീഷണി ഉയർത്തുകയാണ്.
അടിപ്പാത നിർമാണം രണ്ടുവർഷംമുന്പ് ആരംഭിച്ചെങ്കിലും നിർമാണം പാതിവഴിയിൽ സ്തംഭിക്കുകയായിരുന്നു. കഴിഞ്ഞദിവസം വീണ്ടും പേരിനു നിർമാണം ആരംഭിച്ചെങ്കിലും വീണ്ടും നിർത്തിവച്ചിരിക്കുകയാണ്.
നേരത്തെ ഉയർത്തി കെട്ടിയിരുന്ന കന്പികൾ വീണുപോയത് വീണ്ടും ഉയർത്തി കെട്ടുന്ന പണിയാണ് നടന്നിരുന്നത്. ഇപ്പോൾ വീണ്ടും ഈ കന്പികൾ വീണുപോയിരിക്കുകയാണ്. ഇതോടെ പണിയും നിർത്തിവച്ചു.