
വടകര: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ബഹറിനിലെ മലയാളി യുവതി നിയമ നടപടിക്ക്.
കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ഷീജ നടരാജിനെയാണ് സ്വപ്ന സുരേഷ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബഹറിനില്‍ എത്തിയ അവസരത്തില്‍ കൂടെ നില്ക്കുന്ന ചിത്രം ലീഗ് നേതാവിനെയും തന്നെയും മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നതായാണ് പരാതി.
സ്വപ്നയോടുള്ള സാമ്യമാണ് വടകര ഇരിങ്ങല്‍ സ്വദേശിനിയായ ഷീജക്ക് പാരയായത്. വല്ലാത്ത മനോവിഷമത്തിലാണ് താനെന്ന് അവര്‍ പറഞ്ഞു. ബഹറിനിലെ സിപിഎമ്മുകാരുടെ ഫേസ്ബുക്ക് ടൈംലൈനിലാണ് പ്രചാരണം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
പിന്നീട് കേരളത്തില്‍ നിന്നുള്ള സിപിഎമ്മുകാരും ഇതു പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നു ഷീജ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. യഥാര്‍ഥ സ്വര്‍ണക്കടത്ത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ തരംതാണ രാഷ്ട്രീയക്കളി നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു.
ബഹറിനിലും കേരളത്തിലും കേസ് ഫയല്‍ ചെയ്യുമെന്ന് ഷീജ പറഞ്ഞു. ഒന്‍പത് വര്‍ഷമായി ബഹറിനില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) വനിതാ വിഭാഗം പ്രസിഡന്റാണ് ഷീജ. സമസ്ത ബഹറിന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനു ബഹറിനില്‍
എത്തിയപ്പോള്‍ ഒഐസിസി നേതാക്കള്‍ക്കൊപ്പം 2016 മാര്‍ച്ചില്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചിരുന്നു. ആ ചിത്രം ഹൈദരലി തങ്ങളോടൊപ്പം നില്ക്കുന്ന സ്വപ്ന സുരേഷ് എന്നതായി ചിത്രീകരിക്കുകയായിരുന്നു.