സ്വന്തം ലേഖകൻ
കൊണ്ടോട്ടി: സാറേ...എനിക്കിനി വയ്യ..ഈ വയറ് ഒന്ന് കീറിത്തരമോ…സ്വർണം ഗുളികയാക്കി വിഴുങ്ങി കരിപ്പൂരിലെത്തിയ യാത്രക്കാരൻ തനിക്ക് മുന്പിലുളള ഡോക്ടറോടും കസ്റ്റംസ് ഉദ്യോഗസ്ഥനോടും കേഴുകയാണ്…വിഴുങ്ങിയ സ്വർണം നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതായപ്പോഴാണ് യുവാവിന് ദേഹാസ്വസ്ഥ്യമുണ്ടായത്.
അപകടകരമെന്ന് ഡോക്ടർമാരും വിധിയെഴുതി. ഒടുവിൽ നാട്ടിലെത്തി അഞ്ചാം ദിവസമാണ് സ്വർണ ഗുളികകൾ ഇയാളുടെ വയറ്റിൽ നിന്ന് പുറത്തേക്ക് ചാടിയത്.
സ്വർണം ഒളിപ്പിച്ചു കടത്താൻ കള്ളക്കടത്ത് മാഫിയ തയാറക്കുന്ന കുതന്ത്രങ്ങൾ ജീവന് പോലും അപകടമുണ്ടാക്കുന്ന തരത്തിലേക്ക് പ്രാകൃതമാണ്. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും പ്രയോഗിക്കുന്നത്.
വസ്ത്രങ്ങൾക്കുളളിൽ നിന്ന് ശരീരത്തിനുളളിലേക്ക് ലക്ഷങ്ങളുടെ സ്വർണം കയറ്റിവച്ചെത്തുന്ന യാത്രക്കാരൻ തന്റെ ജീവിത പ്രാരാംബ്ദം കൊണ്ടുമാത്രമാണ് ഇതിന് തുനിയുന്നത്.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കൂടുതൽ വിമാനത്താവളങ്ങളിലും കണ്ടുവരുന്നത്. ഇതിനായി കരിയർമാർക്ക് പരിശീലനം നൽകുന്ന സ്ഥലമടക്കം ദുബായി കേന്ദ്രീകരിച്ചിട്ടുണ്ട്. ഗൾഫിലെത്തിയിട്ടും ജോലി ശരിയാകാത്ത യുവാക്കൾ, നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് അടക്കം എടുക്കാൻ കഴിയാത്തവർ തുടങ്ങിയവരെ കണ്ടെത്തിയാണ് കളളക്കടത്ത് കരിയർമാരാക്കുന്നത്.
വിമാന ടിക്കറ്റും 15,000 മുതൽ 25,000 വരെ പാരിതോഷികവും നൽകാമെന്നാണ് കളളക്കടത്തുകാരുടെ വാഗ്ദാനം. സ്വർണം കൊണ്ടുപോകുന്നതിന്റെ തോത് അനുസരിച്ച് പാരിതോഷകവും വർധിക്കും. ഗത്യന്തരമില്ലാതെ യാത്രക്കാർ കള്ളക്കടത്ത് മാഫിയയുടെ കെണിയിൽ വീഴും.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതിയും ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേക ജെല്ല് തേച്ച് സ്വർണ ഗുളികകൾ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് മൂന്നുനാലും ദിവസം നടത്ത പരിശീലനം നൽകും.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് വരുന്ന യാത്രക്കാരൻ കസ്റ്റംസ് ഹാളിൽ നടക്കുന്പോൾ ഉദ്യോഗസ്ഥർക്ക് സംശയം ഇല്ലാതിരിക്കാനാണ് നടത്ത പരിശീലനം നൽകുന്നത്. തുടർന്ന് യാത്രയുടെ മണിക്കൂറുകൾ മുന്പ് സ്വർണം ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് വിമാനത്തിലെത്തുന്ന സമയം കണക്കാക്കി വിസർജിക്കാൻ മരുന്നും നൽകി യാത്രക്കാരനെ അയയ്ക്കുകയാണ് പതിവ്.
സ്വർണം നൽകേണ്ട ആളുകളുടെ ഫോട്ടോ വാട്സ്ആപ്പിലൂടെ വിമാനത്താവളത്തിലെത്തുന്പോൾ കൈമാറും. കസ്റ്റംസ് കടന്പ കഴിഞ്ഞ് യാത്രക്കാരൻ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയാൽ സ്വർണം വാങ്ങാൻ കളളക്കടത്തുകാരുടെ ഏജൻസികൾ വരും.
ഇവർക്കൊപ്പം വിമാനത്താവള പരിസരങ്ങളിലെ പെട്രോൾ പന്പുകളിലെ ശൗചാലയത്തിലേക്ക്. ഇവിടെവച്ച് സ്വർണം വിസർജിച്ച് കഴുകിയാണ് കള്ളക്കടത്ത് ഏജന്റുമാർക്ക് നൽകുന്നത്.