ഇന്ത്യയുടെ എം.എസ്. ധോണി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാകുന്നു… കഴിഞ്ഞ വർഷം ഇതേ ദിനത്തിലെ ഈ ചിത്രത്തിനു പറയാൻ കഥകളേറെയുണ്ട്…
2019 ഐസിസി ഏകദിന ക്രിക്കറ്റ് സെമിയിൽ ഇന്ത്യ പുറത്തായതിന്റെ, ദേശീയ ജഴ്സിയിൽ ധോണിയുടെ അവസാന മത്സരത്തിന്റെ, ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആർക്കും മനസിലാകാത്ത തന്ത്രത്തിന്റെ, നിരാശനായ രോഹിത് ശർമയുടെ, അങ്ങനെ പലപല കഥകൾ… ഈ റണ്ണൗട്ടിനും ഈ ചിത്രത്തിനും ഈ കഥകൾക്കും ഇന്ന് ഒന്നാം വാർഷികം…
കഥ ഒന്ന്: ലീഗ് റൗണ്ടിൽ ഏഴ് ജയവും ഒരു തോൽവിയുമായി ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും, അഞ്ച് ജയവും മൂന്ന് തോൽവിയുമായി നാലാം സ്ഥാനത്തോടെ ന്യൂസിലൻഡും സെമിയിൽ. ലീഗ് റൗണ്ടിൽ ഇന്ത്യ x ന്യൂസിലൻഡ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ജൂലൈ ഒന്പതിന് ഇന്ത്യയും ന്യൂസിലൻഡും ആദ്യ സെമിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ. സ്കോർബോർഡിൽ ഒരു റണ്ണുള്ളപ്പോൾ മാർട്ടിൻ ഗപ്റ്റിലിന്റെ രൂപത്തിൽ കിവീസിന് ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ, ക്യാപ്റ്റൻ കെയ്ൻ വില്യംസണ്, റോസ് ടെയ്ലർ എന്നിവരുടെ അർധസെഞ്ചുറിയിലൂടെ അവർ പതുക്കെ മുന്നോട്ട്.
46.1 ഓവറിൽ അഞ്ചിന് 211ൽ നിൽക്കേ മഴയെത്തി. മത്സം മുടങ്ങി. റിസർവ് ദിനമായ ജൂലൈ 10ന് മത്സരം പുനരാരംഭിച്ചു, ശേഷിച്ച 23 പന്തിൽ മൂന്ന് വിക്കറ്റുകൂടി നഷ്ടപ്പെടുത്തി കിവീസ് 28 റണ്സ് നേടി. ഇന്ത്യൻ വിജയ ലക്ഷ്യം 240.
കഥ രണ്ട്: ലീഗ് റൗണ്ടിൽ അഞ്ച് സെഞ്ചുറി നേടി ചരിത്രംകുറിച്ച രോഹിത് ശർമ (1), ക്യാപ്റ്റൻ കോഹ്ലി (1), കെ.എൽ. രാഹുൽ (1), ദിനേശ് കാർത്തിക് (6) എന്നിവർ കിവീസ് ബൗളർമാർക്കു മുന്നിൽ തലകുനിച്ച് പവലിയനിലെത്തിയപ്പോൾ ഇന്ത്യൻ സ്കോർ 10 ഓവറിൽ നാലിന് 24. ഋഷഭ് പന്തും (32) ഹാർദിക് പാണ്ഡ്യയും (32) ചെറുത്ത് നിൽപ്പുകാണിച്ചു മടങ്ങി.
30.3 ഓവറിൽ ആറിന് 92ൽ ഒന്നിച്ച ധോണിയും (50) രവീന്ദ്ര ജഡേജയും (77) അർധസെഞ്ചുറിയിലൂടെ ഇന്ത്യയെ 200 കടത്തി. ഇന്ത്യ ജയം സ്വപ്നം കണ്ടു. എന്നാൽ, 48.3-ാം പന്തിൽ എട്ടാം വിക്കറ്റിന്റെ രൂപത്തിൽ ധോണി റണ്ണൗട്ട്. മത്സരഫലം നിർണയിച്ചത് ആ റണ്ണൗട്ടായിരുന്നു. 49.3 ഓവറിൽ 221ൽ ഇന്ത്യ പുറത്ത്. ന്യൂസിലൻഡ് 18 റണ്സ് ജയത്തോടെ ഫൈനലിൽ.
കഥ മൂന്ന്: 3.1 ഓവറിൽ മൂന്നിന് അഞ്ച്, 10 ഓവറിൽ നാലിന് 24 എന്നിങ്ങനെ ആയിരുന്നിട്ടും ഇന്ത്യ എന്തുകൊണ്ട് ഏറ്റവും എക്സ്പീരിയൻസുള്ള ധോണിയെ ഏഴാം നന്പറിലേക്ക് പിൻവലിച്ചു. പന്ത്, കാർത്തിക്, ഹാർദിക് എന്നിവരെ എന്തിന് നേരത്തേ ഇറക്കി. കഥയിൽ ചോദ്യമില്ലെന്നാണ് ഇതിനുത്തരം. എല്ലാം, ടീം മാനേജ്മെന്റിന്റെ തന്ത്രം!
കഥ നാല്: സെമിയിൽ പരാജയപ്പെട്ടതിൽ ഏറ്റവും നിരാശൻ രോഹിത് ആയിരുന്നു. അതിന്റെ അനുരണനങ്ങൾ പിന്നീടുണ്ടായി. ടീം ഇംഗ്ലണ്ടിൽനിന്നു മടങ്ങുന്നതിനു മുന്പ് രോഹിത് ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യക്ക് രണ്ട് ക്യാപ്റ്റന്മാരെവേണമെന്ന വാദമുണ്ടായി… പതിയെ എല്ലാം കെട്ടടങ്ങി.
കഥ അഞ്ച്: ധോണി ഇന്ത്യയിൽ മടങ്ങിയെത്തുന്നതിനു മുന്പുതന്നെ അദ്ദേഹം വിരമിക്കുമെന്ന വാർത്ത തീപ്പന്തമായി. തലയുടെ ഭാര്യ സാക്ഷിയടക്കം വിരമിക്കൽ വാർത്ത നിഷേധിച്ചു. പക്ഷേ, പിന്നീട് ഇതുവരെ എംഎസ്ഡിയെ ആരാധകർ ഇന്ത്യൻ ജഴ്സിയിൽ കണ്ടിട്ടില്ല!