മണ്ണാർക്കാട്: ശൈശവ വിവാഹം നടന്ന സംഭവത്തിൽ വരനും വധൂ മാതാവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. 2020 ജനുവരി രണ്ടിനാണ് പൊന്നംകോട് സ്വദേശിയായ 15 വയസ് പ്രായമുള്ള കുട്ടിയുടെ നിക്കാഹ് നടന്നത്.
കുട്ടിയുടെ മണ്ണാർക്കാട് നായാടികുന്നിലുള്ള മാതൃ സഹോദരിയുടെ വീട്ടിൽ രാത്രി എട്ടുമണിക്കാണ് മുപ്പതോളം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചടങ്ങ് കഴിച്ചത്.
എന്നാൽ നിക്കാഹ് കഴിഞ്ഞതിന് ശേഷം ഷാർജയിലെത്തിയ വരന്റെ ഫോണിലൂടെയുള്ള മോശമായ പെരുമാറ്റത്തെ തുടർന്ന് മാനസിക സംഘർഷത്തിലായ കുട്ടി ഇക്കാര്യം ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജില്ല ശിശു സംരക്ഷണ ഓഫീസർ എസ്.ശുഭ,ശൈശവ വിവാഹ നിരോധന ഓഫീസറും മണ്ണാർക്കാട് ശിശു വികസന പദ്ധതി ഓഫീസറുമായ ജിജി ജോണ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
വീട്ടിലെ സാന്പത്തിക പരാധീനതകളുടെ സാഹചര്യത്തിലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും എന്നാൽ വിദേശത്തെത്തിയ വരൻ തന്റെ തുടർപഠനത്തിന് തടസം നിൽക്കുന്നതായും കുട്ടി മൊഴി നൽകി.
കുട്ടിയെ പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയ ശേഷം കമ്മിറ്റിയുടെ നിർദേശ പ്രകാരം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
തുടർന്ന് ശിശു വികസന പദ്ധതി ഓഫീസർ ജിജി ജോണിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. വരൻ,കുട്ടിയുടെ മാതാവ്,മാതാവിന്റെ സഹോദരി എന്നിവർക്കെതിരെയാണ് കേസ്.