കൊട്ടാരക്കര: കോവിഡ് ബാധയുടെ ആദ്യകാലത്തുണ്ടായിരുന്ന കരുതലും സാന്ത്വനവും ബോധവൽക്കരണവും ഇപ്പോഴില്ല. അന്യസംസ്ഥാനത്തു നിന്നും വിദേശങ്ങളിൽ നിന്നുമെത്തി ഒറ്റപ്പെട്ട് സ്വയം ഗൃഹ നിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുള്ള ഭൂരിപക്ഷം പേരും ഇപ്പോൾ ഭീതിയിലും ദുരിതത്തിലുമാണ്.
സ്വന്തം നാട്ടിലെത്തുമ്പോൾ എല്ലാ സംരക്ഷണവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ആളുകൾ നാട്ടിലേക്ക് തിരക്കിട്ടെത്തിയത്. ഇവരിലധികവും സ്വന്തം കുടുംബാംഗങ്ങളെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചും ഒറ്റപ്പെട്ട വീടുകൾ വാടകക്കെടുത്തുമാണ് സ്വയം ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നത്.
ഇവർക്ക് അത്യാവശ്യകാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത സ്ഥിതി നിലവിലുണ്ട്. കുടുംബാംഗങ്ങളും സമീപവാസികളും ഇവരെ അകറ്റി നിർത്താനാണ് ശ്രമിച്ചു വരുന്നത്.
ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരുടെ രോഗ പരിശോധന പോലും യഥാസമയം നടക്കുന്നില്ല. പലരും സ്വന്തം രീതിയിൽ മറ്റാരുടെയെങ്കിലും സഹായത്തോടെയാണ് ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്രവ പരിശോധന നടത്തി വരുന്നത്.
ഇവരെ ആംബുലൻസുകളിൽ കൊണ്ടുപോയി പരിശോധന നടത്താൻ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇപ്പോൾ മുൻകൈയെടുക്കുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനങ്ങളും നിലവിലില്ല.
ഒറ്റപ്പെട്ടു കഴിയുന്നവർക്കുള്ള ആരോഗ്യ വകുപ്പിന്റെ ഫോൺ വഴിയുള്ള കൗൺസിലിംഗും നിലച്ചിരിക്കുകയാണ്. ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർക്കു വേണ്ടി പഞ്ചായത്തുകൾ തോറും ആരംഭിച്ച സാമൂഹിക അടുക്കളകളെല്ലാം അടച്ചു പൂട്ടിക്കഴിഞ്ഞു.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ മാത്രമാണ് ഇപ്പോൾ സാമൂഹ്യ അടുക്കള നാമമാത്രമായെങ്കിലും പ്രവർത്തിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ സേവനവും ഇപ്പോൾ ഒരു പഞ്ചായത്തിലും ലഭ്യമല്ല. സ്വയം സേവനത്തിനായി ചെന്ന യുവതീ-യുവാക്കളെപ്പോലും ഇത് നിരാശരാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളാണ് അപകടകരമായ ഈ വീഴ്ചകൾക്കെല്ലാം പിന്നിൽ. സ്വന്തം നാടിനെ വിശ്വസിച്ചു വന്നവരെല്ലാം ഇപ്പോൾ പെരുവഴിയിലാണ്.