മങ്കൊന്പ് : സന്പർക്കത്തിലൂടെ ഒരേ ദിവസം രണ്ടുപേർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിൽ സാമൂഹിക വ്യാപന ഭീതി. ഒരേ പഞ്ചായത്തിൽ തന്നെ കുഴഞ്ഞുവീണു മരിച്ച ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചതും മറ്റൊരാളിൽ രോഗബാധ കണ്ടെത്തിയതുമാണ് ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ഗൃഹനാഥന്റെ പരിശോധനാഫലം പോസിറ്റീവായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്ന ഇദ്ദഹത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് ഇദ്ദേഹത്തെ പരിശോധിച്ച പുളിങ്കുന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ പറഞ്ഞിരുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശമുള്ളതിനാൽ മാത്രമാണ് സ്രവം പരിശോധയ്ക്കെടുത്തത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരികെയാണ് ഫലം പോസിറ്റീവാണെന്ന അറിയിപ്പു ലഭിച്ചത്.
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഒപ്പം ജോലി ചെയ്തവരും, ആശുപത്രിയിലെത്തിച്ചവർ, മരണവാർത്തയറിഞ്ഞ് വീ്ട്ടിലെത്തിയവർ തുടങ്ങി നൂറുകണക്കിനാളുകൾ ആശങ്കയുടെ നിഴലിലാണ്.അതേസമയം ഗ്രാമപഞ്ചായത്തിലെ അഞ്ച്, 14, 15 വാർഡുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
എന്നാൽ രോഗബാധ സ്ഥിരീകരിച്ചവർ യാത്രയിലേർപ്പെട്ടതും, സന്പർക്കം പുലർത്തിയതുമായ സമീപത്തെ കാവാലം, ചന്പക്കുളം ഗ്രാമപഞ്ചായത്തുകളും രോഗവ്യാപന ഭീഷണിയിലാണ്.