ചേർത്തല: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. മഹേശൻ മരിക്കുന്നതിന് മുൻപ് തയാറാക്കിയ കത്തിലും ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അയച്ച കത്തിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഇതേ തുടർന്നാണ് അവരുടെ മൊഴി രേഖപ്പെടുത്തുകയെന്ന് ചേർത്തല ഡിവൈഎസ്പി കെ. സുഭാഷ് പറഞ്ഞു. മാരാരിക്കുളം സിഐ എസ്. രാജേഷിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതുവരെ എഴുപതോളം പേരുടെ മൊഴികൾ എടുത്തിട്ടുണ്ട്.
ഇവ ഒത്തുനോക്കി സംശയ ദൂരികരണവും അന്വേഷണ സംഘം നടത്തുന്നുണ്ട്. അതേ സമയം അന്വേഷണം ലോക്കൽ പോലീസിൽ നിന്നു മാറ്റി പ്രത്യേക സംഘം അന്വേഷിക്കണമെന്ന മഹേശന്റെ വീട്ടുകാരുടെ ആവശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് ഡിവൈഎസ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.