
സ്വന്തം ലേഖകൻ
തൃശൂർ: സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നതിനെ തുടർന്ന് ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാട്ടുരായ്ക്കൽ ഡിവിഷനിൽ കോലോത്തും പാടത്താണ് സംഭവം.
സെപ്റ്റിക് മാലിന്യം വലിയ പ്ലാസ്റ്റിക് കവറിലാക്കി തട്ടാൻ വന്ന ആപ്പേ പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നതോടെയാണ് വണ്ടി ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങിയത്.
ഡിവിഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയൽ സ്ഥലത്തെത്തി കോർപ്പറേഷൻ സെക്രട്ടറിയെ വിവരമറിയിക്കുകയും സെക്രട്ടറി പി.രാധാകൃഷ്ണന്റെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വിയ്യൂർ പോലീസ് സ്ഥലത്തെത്തി. വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റിക് മാലിന്യം തട്ടിയ സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിയ്യൂർ എസ്.ഐ ഡി.ശ്രീജിത് പറഞ്ഞു.
പാട്ടുരായ്ക്കലിലെ കോലോത്തുംപാടം ഉൾപ്പെടുന്ന പ്രദേശത്ത് സെപ്റ്റിക് മാലിന്യം തട്ടുന്നത് പിടികൂടാൻ നിരീക്ഷണം ഏർപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡിവിഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ട കോർപ്പറേഷന്റെ രാത്രികാല സ്ക്വാഡ് നർജീവമാണെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.
തൃശൂർ കോർപറേഷൻ പരിധിയിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളിലും പുലർച്ചെയും സെപ്റ്റിക് മാലിന്യം തട്ടുന്ന സംഘങ്ങൾ സജീവമാണ്. അടുത്തിടെ ഒല്ലൂരിനടുത്ത് ഒരേക്കറോളം പാടം സെപ്റ്റിക് ടാങ്ക് മാലിന്യം തളളിയതിനെ തുടർന്ന് നശിച്ചിരുന്നു.
തൃശൂർ നഗരത്തിനകത്തും കോർപറേഷൻ പരിധിക്കുളളിലും പോലീസിന്റെ നൈറ്റ് പട്രോളിംഗുണ്ടെങ്കിലും ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടാറില്ലെന്ന പരാതിയും ശക്തമാണ്.
ജനവാസകേന്ദ്രങ്ങളിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളാനെത്തുന്നവരെ തടയാൻ ചില വീട്ടുകാർ ശ്രമിച്ചപ്പോൾ തള്ളാനെത്തിയവർ കല്ലെറിഞ്ഞും ഭീഷണിപ്പെടുത്തിയും മാലിന്യം ഇവർക്കു നേരെ വലിച്ചെറിഞ്ഞും വീട്ടുകാരെ പിന്തിരിപ്പിച്ച സംഭവങ്ങളും അടുത്തിടെയുണ്ടായി.
മഴ കനത്തതോടെ പാടങ്ങളിലും ഒഴിഞ്ഞ പറന്പുകളിലും തള്ളുന്ന സെപ്റ്റിക് മാലിന്യം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസുകൾ വരെ മലിനമാകുന്ന സ്ഥിതിയാണുള്ളത്.
കോർപറേഷൻ ഡിവിഷനുകളിൽ പലയിടത്തും കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.