
ഞാൻ കുട്ടികളും ഭർത്താവുമൊക്കെയായി ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ്, നിരപരാധിയാണ്, എന്നെക്കുറിച്ചു പുറത്തുവരുന്നതെല്ലാം കള്ളക്കഥകളാണ്, നിറംപിടിപ്പിച്ച മാധ്യമ വിചാരണയാണ്, എനിക്ക് രാഷ്ട്രീയക്കാരുമായി ഒൗദ്യോഗികമല്ലാത്ത ഒരു സൗഹൃദവുമില്ല, എന്റെ മക്കളെയും കുടുംബത്തെയുമോർത്ത് എന്നെ വേട്ടയാടരുത്, ഞാൻ നേടിയതൊക്കെ എന്റെ ജോലി മികവുകൊണ്ടുള്ള കാര്യങ്ങൾ മാത്രമാണ്, യുഎഇ കോൺസുൽ ജനറൽ പറഞ്ഞതു പ്രകാരം മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ, സ്വർണക്കടത്തുമായി എനിക്കു ബന്ധമില്ല, ഇനിയും എന്നെ ഇങ്ങനെ വേട്ടയാടിയാൽ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും എനിക്കു മുന്നിലില്ല… ഇങ്ങനെ തുടങ്ങി ഇന്നലെ സ്വപ്നയുടേതായി പുറത്തുവന്ന ഒാഡിയോ ക്ലിപ്പിൽ നിഴലിക്കുന്നതു മുഴുവൻ സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള പരാമർശങ്ങൾ.
അതേസമയം, ഈ ഒാഡിയോ ക്ലിപ്പ് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണെന്നു സൂക്ഷ്മമായി വിലയിരുത്തുന്നവർ ചൂണ്ടിക്കാണിക്കുന്നു. കേസിൽനിന്നു രക്ഷപ്പെടാനും സമൂഹത്തിൽ തനിക്ക് ഉണ്ടായിട്ടുള്ള വില്ലത്തി പരിവേഷം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് സ്വപ്ന നടത്തിയിട്ടുള്ളത്.
ഏതോ അഭിഭാഷകസംഘം കൃത്യമായി തയാറാക്കി നൽകിയ കാര്യങ്ങളാണ് അവർ പുറത്തുവിട്ട ഒാഡിയോ ടേപ്പിൽ ഉൾപ്പെട്ടിട്ടുള്ളതെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ഒാഡിയോ ടേപ്പിൽ പറയുന്ന കാര്യങ്ങൾ അതേപടി വിഴുങ്ങണമെങ്കിൽ താഴെ പറയുന്ന ചോദ്യങ്ങൾക്കു സ്വപ്ന മറുപടി പറയേണ്ടി വരും.
തനിക്കെതിരേ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നു സ്വപ്ന ആരോപിക്കുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിൽ ഏതെങ്കിലും മാധ്യമത്തിൽ തന്റെ പേരു പരാമർശിക്കുന്നതിനു മുന്പു തന്നെ സ്വപ്ന ഒളിവിൽ പോയത് എന്തിനാണ്?
സരിത്ത് പിടിയിലായെന്ന് അറിഞ്ഞപ്പോൾതന്നെ ഒളിവിൽ പോകാൻ എന്താണ് കാരണം?
അയാളുടെ കൈയിൽനിന്നു തന്നെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംഘത്തിനു ലഭിക്കുമെന്നു തിരിച്ചറിഞ്ഞല്ലേ ഒളിവിൽ പോകാൻ തീരുമാനിച്ചത്?
നിരപരാധിയാണെങ്കിൽ കസ്റ്റംസിൽ ഹാജരായി അതു ബോധ്യപ്പെടുത്താതെ മുങ്ങിയത് എന്തിനാണ്? തന്നെ കസ്റ്റംസ് കേസിൽ കുടുക്കുമെന്നു തുടക്കത്തിൽത്തന്നെ പേടിച്ചത് എന്തു കൊണ്ടാണ്?
നിരപരാധിയാണെങ്കിൽ അതു പറയാൻ ഒരാഴ്ചയോളം സമയം കാത്തിരുന്നത് എന്തിനാണ്? കേസുമായി ബന്ധമില്ലെങ്കിൽ അക്കാര്യം എത്രയും നേരത്തെ പറയുകയല്ലായിരുന്നോ വേണ്ടത്.?
യുഎഇ കോൺസൽ ജനറലിന്റെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെങ്കിൽ അക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്താമായിരുന്നില്ലേ?
ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റുവഴിയൊന്നും മുന്നിലില്ല എന്നതു തനിക്കെതിരേ വരുന്ന വാർത്തകൾക്കു തടയിടാനുള്ള നീക്കമല്ലേ? കുട്ടികളെയും കുടുംബത്തിന്റെ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയത് സഹതാപതരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ?
സ്വപ്ന മുങ്ങിയതിനു പിന്നാലെ സുഹൃത്തായ സന്ദീപ് നായരും മുങ്ങിയത് എന്തുകൊണ്ടാണ്?
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ പഴിയും ആക്ടിംഗ് കോൺസൽ ജനറലിന്റെ തലയിൽ ചാരിയതു കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ?
മറ്റൊരു രാജ്യത്തിന്റെ കോൺസൽ ജനറലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള നിയമപരമായ തടസങ്ങളും ദുഷ്കരമായ നടപടിക്രമങ്ങളും കൃത്യമായി തിരിച്ചറിഞ്ഞുള്ള നീക്കമല്ലേ?