സതാംപ്ടൺ: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ സന്ദർശകരായ വെസ്റ്റ് ഇൻഡീസിന് മേൽക്കൈ. ഇംഗ്ലണ്ടിന്റെ 204ന് എതിരേ വിൻഡീസിന് 114 റൺസ് ലീഡ്.
വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 102 ഓവറിൽ 318 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപെടാതെ 15 റൺസെന്ന നിലയിലാണ്.
ഒന്നിന് 57 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ സന്ദർശകർക്ക് അടിത്തറയിട്ടത് ഓപ്പണർ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് (65). ബ്രാത്വെയ്റ്റിനെ വീഴ്ത്തി ബെൻ സ്റ്റോക്സ് ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിലെ ആദ്യ വിക്കറ്റെടുത്തു.
പിന്നീട് ക്രീസിലെത്തിയ ഷെയ്ൻ ഡൗറിച്ച്(61), റോഷ്ടൻ ചേസ് (47), ഷമാർ ബ്രൂക്സ്(39) എന്നിവരും മികച്ച രീതിയിൽ ബാറ്റുവീശിയതോടെ വിൻഡീസ് ലീഡെടുത്തു.ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാല് വിക്കറ്റ് നേടി. ജയിംസ് ആൻഡേഴ്സൻ മൂന്നും സ്പിന്നർ ഡോം ബെസും രണ്ടും മാർക് വുഡ് ഒരു വിക്കറ്റും നേടി.