സ്വന്തം ലേഖകൻ
കൊല്ലം: കടലിൽ നിന്നുള്ള മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ഉത്തരവായി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തേ ജില്ലയിലെ ഹാർബറുകളിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു.
എന്നിട്ടും കടലോര പ്രദേശങ്ങളിൽ കട്ടമരങ്ങളിലും ഫൈബർ വള്ളങ്ങളിലും പോയി മീൻ പിടിക്കുന്നതും വിപണനം നടത്തുന്നതും തുടർന്നു.
ചാത്തന്നൂർ പോലീസ് ഡിവിഷന് കീഴിൽ പരവൂർ പൊഴിക്കര, ചില്ലയ്ക്കൽ, മുക്കം എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി നടന്നു വന്നത്.
ഇതു കാരണം മത്സ്യം വാങ്ങാനും കൂടുതൽ ആളുകൾ എത്തി. മാത്രമല്ല മറ്റ് പ്രദേശങ്ങളിൽ നിന്നും മത്സ്യതൊഴിലാളികളും ഇവിടെ വിപണനത്തിന് വന്നു. ഇതാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ചെയ്തത്.
ഇതിനെ അടിസ്ഥാനത്തിലാണ് സമ്പൂർണ മത്സ്യ ബന്ധന വിലക്കിലേക്ക് ഭരണകൂടം എത്തിയത്. ഈ നിരോധനം കർശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശവും നൽകി.
ഇതു കൂടാതെ മത്സ്യ ബന്ധന മേഖലയിൽ വൻ തോതിൽ അന്യ സംസ്ഥാന തൊഴിലാളികൾ എത്തുന്നതിനും കടുത്ത നിയന്ത്രണം ഉണ്ട്.
തൊഴിലാളികൾ എത്തുന്നതിന് മുമ്പ് അവരുടെ എല്ലാ വിവരങ്ങളും തൊഴിലുടമ പോലീസിലും തദ്ദേശ സ്ഥാപനങ്ങളിലും അറിയിക്കണം.
താമസിക്കുന്ന സ്ഥലത്തെ കെട്ടിടം, മുറികൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും നൽകണം. തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റയിൻ നിർബന്ധമാണ്. സംസ്ഥാന അതിർത്തിയിൽ നിന്ന് തൊഴിലുടമ തന്നെ ഇവരെ പ്രത്യേക വാഹനത്തിൽ എത്തിക്കണം. തൊഴിലാളികൾ എത്തിക്കഴിഞ്ഞിട്ടും വിവരം നൽകണം.
നിരീക്ഷണത്തിൽ നിന്ന് തൊഴിലാളികൾ പുറത്ത് പോയാൽ ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. നിരീക്ഷണ കാലയളവിൽ പരമാവധി ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വയ്ക്കണം. ഉടമകൾ തൊഴിലാളികളുമായി സ്ഥിരം ഫോണിൽ ആശയ വിനിമയം നടത്തണം.
ആർക്കെങ്കിലും അസ്വസ്ഥതകൾ ഉണ്ടങ്കിൽ വിവരം ഉടൻ മെഡിക്കൽ ഓഫീസറെ അറിയിക്കണം. തൊഴിലാളികൾ മറ്റ് ആരുമായി ബന്ധപ്പെടുന്നില്ലന്നും കെട്ടിടത്തിൽ മറ്റാരും. കയറ്റുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും ഉടമകളുടെ ബാധ്യതയാണ്.
ഇവരുടെ താമസം, ക്വാറന്റൈൻ എന്നിവയുടെ പൂർണ ചുമതല ഉടമകൾ, കരാറുകാർ എന്നിവരിൽ നിക്ഷിപ്തമാണ്. തൊഴിലാളികളുടെ ആരോഗ്യ പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ ആവശ്യപ്പെടുന്ന സൗകര്യങ്ങളും ഉടമകൾ ഏർപ്പെടുത്തണം.
ഇതിൽ ലംഘനം ഉണ്ടായാൽ ഐപിസി പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.