കോയന്പത്തൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഗൃഹനാഥനെ പോലീസ് പിടികൂടി. അമ്മൻകുളം തങ്കരാജിനെയാണ് (56) ഭാര്യ കമലമ്മാൾ (51), ഭാര്യാമാതാവ് കാളിയമ്മാൾ (70) എന്നിവരെ കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചെത്തി തങ്കരാജ് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് കമലമ്മാളിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഇതു കണ്ട കാളിയമ്മാൾ മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ശരീരത്തിലേക്കും മണ്ണെണ്ണയൊഴിക്കുകയായിരുന്നു. നിലവിളികേട്ട അയൽവാസി തീകെടുത്തി ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനാഥപുരം പോലീസ് വധശ്രമത്തിനു കേസെടുത്ത് തങ്കരാജിനെ അറസ്റ്റുചെയ്തു.