
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തിനായി വിദേശത്തേക്ക് പുറപ്പെടുകയും ലോക്ക്ഡൗണില്‍ കുടുങ്ങുകയും ചെയ്ത ക്യാരിയര്‍മാര്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തുന്നു. ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന യാത്രക്കാര്‍ക്കിടയിലാണ് ക്യാരിയര്‍മാരും ഉള്‍പ്പെട്ടതെന്നാണ് വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ക്യാരിയര്‍മാരുടെ താമസമുള്‍പ്പെടെയുള്ള ചെലവുകള്‍ വഹിച്ചത് സ്വര്‍ണ കള്ളക്കടത്ത് മാഫിയയാണ്.
ഒരാഴ്ചത്തെ ആവശ്യത്തിനായി എത്തിച്ച ക്യാരിയര്‍മാര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം വിദേശത്ത് കുടുങ്ങി. ഇക്കാലയളവിലെ എല്ലാ ചെലവുകളും വഹിച്ചത് കള്ളക്കടത്ത് മാഫിയയാണ്. സാധരണയിലും കൂടുതല്‍ അളവ് സ്വര്ണംകൊടുത്തുവിട്ട് ഈ നഷ്ടം നികത്താനാണ് മാഫിയ ലക്ഷ്യമിട്ടത്.
ഒരാഴ്ചത്തെ സന്ദര്‍ശനത്തോടെയാണു മാഫിയ യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോവുന്നത്. ഇപ്രകാരം കൊണ്ടുപോവുന്ന യുവാക്കള്‍ക്ക് അവിടെ താമസസൗകര്യവും മറ്റു സുഖസൗകര്യങ്ങളും നല്‍കും. തിരിച്ചുപോരുന്നതിനിടെ കൈയില്‍ ബാഗുകള്‍ നല്‍കുകയാണ് പതിവ്.
ഈ ബാഗിലുള്ള വസ്തുക്കളിൽ ഏതെങ്കിലും രീതിയില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കും. സ്വര്‍ണം ഒളിപ്പിച്ചു വയ്ക്കുന്നത് എവിടെയാണെന്നത് കൊണ്ടുവരുന്ന വാഹകരായ യുവാക്കള്‍ അറിയില്ല. ഈ രീതിയായിരുന്നു വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്നത്.
സ്ഥിരമായി ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം ഡിആര്‍ഐ പതിവായി പിടികൂടുന്നതോടെയാണ് മാഫിയ സ്വര്‍ണക്കടത്ത് മറ്റൊരു രീതിയിലേക്ക് മാറ്റിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അവിടെവച്ച് ജെല്‍ ഉപയോഗിച്ച് സ്വര്‍ണം വയറിലേക്ക് മലദ്വാരത്തിലൂടെ അടിച്ചു കയറ്റുകയാണ് ചെയ്യുന്നത്.
ക്വാണ്ടത്തില്‍ മിശ്രിതരൂപത്തിലും സ്വര്‍ണം മലദ്വാരത്തിലാക്കി കൊണ്ടുവരുന്നുണ്ടെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. പരിശോധിച്ചാല്‍ എളുപ്പത്തില്‍ സ്വര്‍ണം പിടികൂടാനാവില്ലെന്നതാണ് ഈ രീതി തുടരാന്‍ പ്രേരിപ്പിക്കുന്നത്.