മാവേലിക്കര: ചെന്നിത്തലയിൽ ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്ത യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യുവതിയുടെ നാടായ വെട്ടിയാറിൽ അഞ്ചുപേർ ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പധികൃതർ നിർദ്ദേശം നൽകി.
മൃതദേഹം ഇൻക്വസ്റ്റ് നടത്തുവാൻ നേതൃത്വം നൽകിയ വെട്ടിയാർ സ്വദേശി കൂടിയായ തഹസിൽദാർ എസ്.സന്തോഷ് കുമാർ, തഴക്കര ഗ്രാമപഞ്ചായത്തംഗം തുളസീഭായി, യുവതിയുടെ അമ്മ, മൃതദേഹം ആംബുലൻസിൽ കയറ്റാൻ സഹായിച്ച വെട്ടിയാർ സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവരോടാണ് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചത്.
ഇവരുൾപ്പടെ പ്രാഥമിക, ദ്വിതീയ പട്ടികയിലുള്ള മുപ്പത് പേർ നിരീക്ഷണത്തിലാണ്. യുവതിയുടെ അമ്മ സന്ദർശിച്ച വെട്ടിയാറിലെ പലചരക്ക് കട, മാങ്കാംകുഴിയിലെ ഫാൻസി സ്റ്റോർ, ചാരുംമൂട്ടിലെ അക്ഷയകേന്ദ്രം എന്നിവ തൽക്കാലത്തേക്ക് അടയ്ക്കുവാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
സ്വർണം പണയം വെയ്ക്കാനെത്തിയപ്പോൾ ഇവരുമായി സന്പർക്കമുണ്ടായെന്ന് കരുതുന്ന മാവേലിക്കരയിലെ ബാങ്കിലെ ജീവനക്കാരും നിരീക്ഷണത്തിലുളളവരിൽ ഉൾപ്പെടുന്നു.