കോലഞ്ചേരി: കോടതി ഭർത്താവിനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും ചേർന്ന് റാഞ്ചിയ സംഭവത്തിൽ കുറ്റക്കാരായ പത്ത് പേർക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ്.
വടയമ്പാടി സ്വദേശിയായ യുവതിയുടെ അച്ഛനും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് പിന്നാലെ യുവതിയെ ഭർത്താവിൽനിന്നും തട്ടിയെടുത്തത്.
യുവതിയുടെ അച്ഛനടങ്ങുന്ന സംഘം നാലു കാറുകളിലായെത്തി കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ശാസ്താം മുകളിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെ തട്ടിയെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ആലപ്പുഴ വണ്ടാനം സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കോലഞ്ചേരി കോടതി യുവതിയെ വിട്ടയച്ചത്. ആയുർവേദ ഡോക്ടറായ യുവതിയും, ബിഎസ്സി നഴ്സിഗ് വിദ്യാർയായ യുവാവും ബംഗളുരുവിൽ പഠന ഭാഗമായ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലായത്.
ഇവർ പിന്നീട് അഞ്ചൽ മഹാദവേ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. നാലു ദിവസം മുമ്പ് മകളെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് പിതാവ് പുത്തൻകുരിശ് പോലീസിൽ പരാതി നല്കിയിരുന്നു. പോലീസ് അന്വേഷണത്തിനിടെ ഇന്നലെ രാവിലെ യുവാവിന്റെ കുടുംബത്തോടൊപ്പം യുവതി പുത്തൻകുരിശ് പോലീസിൽ ഹാജരായി.
തുടർന്ന് പോലീസ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയതോടെ വിവാഹ രേഖകളടക്കം സമർപ്പിച്ച് യുവാവിനോടൊപ്പം പോകണമെന്ന് യുവതി അറിയിച്ചു. തുടർന്ന് കോടതി യുവതിയെ യുവാവിനൊപ്പം പറഞ്ഞു വിട്ടു.
തുടർന്ന് ആലപ്പുഴയിലേയ്ക്ക് പോകും വഴിയാണ് നാലു കാറുകളിലായെത്തിയ പിതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഇവരെ അക്രമിച്ച് യുവതിയുമായി കടന്നത്. സംഘർഷത്തിൽ യുവാവിന്റെ സഹോദരന് പരിക്കേറ്റു.
കോടതി ഉത്തരവനുസരിച്ച് പോയ സംഘത്തെ അക്രമിച്ചവരെ കണ്ടെത്താൻ പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർ സാജൻ സേവ്യറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.