
ചെറുതോണി: ഇടുക്കി ജില്ലയുടെ വികസനകുതിപ്പിന് കരുത്തുപകർന്ന് മലയോരനിവാസികൾക്ക് നൂതന ചികിത്സാസൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കൽ കോളജിൽ ആശുപത്രി സജ്ജമായി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 14-ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കുമെന്ന് കളക്ടറേറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎയും ജില്ലാ കളക്ടറും ആശുപത്രി വികസന സമിതി ചെയർമാനുമായ എച്ച്. ദിനേശനും അറിയിച്ചു.
ഡയാലിസിസ് യൂണിറ്റ്, കോവിഡ്-19 പരിശോധനയ്ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രൂനാറ്റ് ലാബ്, ആർടിപിസിആർ ലാബ്, ബ്ലഡ് സെന്റർ, പുതിയ ബ്ലോക്കിലേക്കുളള റോഡ്, കോവിഡ് ഐസിയു, ജനറൽ ഐസിയു, ഓപ്പറേഷൻ തീയറ്റർ, കോവിഡ് ലേബർ റൂം, ചുറ്റുമതിൽ, കാത്തിരിപ്പ് കേന്ദ്രം, മോർച്ചറി നവീകരണാരംഭം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാവിലെ 11-ന് മന്ത്രി കെ.കെ. ഷൈജ തിരുവനന്തപുരത്തുനിന്നും വീഡിയോ കോണ്‍ഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി ആശുപത്രി കാന്റീനിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ഒരുകോടി 15 ലക്ഷം രൂപയുടെ എംപി ഫണ്ടിൽനിന്നും 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കാന്റീൻ നിർമിക്കുന്നത്.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎ, എംഎൽഎമാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ആശുപത്രി വികസന സമിതി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, കണ്‍വീനറും മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. ഡി. രവികുമാർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ, പി.എസ്. സുരേഷ്, മറ്റു ജനപ്രതിനിധികൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ഡിഎംഒ ഡോ. എൻ. പ്രിയ, നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം ഡോ. സുജിത്ത് സുകുമാരൻ, ആർഎംഒ ഡോ. എസ്. അരുണ്‍ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എഡിഎം ആന്റണി സ്കറിയ, ആശുപത്രി വികസനസമിതിയംഗം സി.വി. വർഗീസ്, എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. സുജിത് സുകുമാരൻ, ആശുപത്രി ആർഎംഒ ഡോ. എസ്. അരുണ്‍, പിആർഡി അസി. എഡിറ്റർ എൻ.ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.