രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയേക്കുമെന്ന് സൂചന.
ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്ന് സച്ചിന് പൈലറ്റ് വ്യക്തമായി. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന വിവരം പുറത്തു വരുന്നത്.
പ്രഗതിശീല് കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു.
ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്കുകയാണെങ്കില് പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു.
എന്നാല്‍ താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ സച്ചിന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സച്ചിനൊപ്പം ഗുരുഗ്രാമിലേക്ക് പോയ 23 വിമത എംഎല്‍എമാരില്‍ മൂന്നുപേര്‍ ജയ്പൂരില്‍ തിരിച്ചെത്തി.