2012 ഏപ്രിൽ ഏഴിനാണ് പോലീസിനെത്തേടി നിർണയകമായൊരു ഫോൺ കോൾ എത്തിയത്. അന്ധേരിയിലെ സമർഥ് ആംഗൻ അപ്പാർട്ട്മെന്റിലെ ഒരു ഫ്ലാറ്റിൽ കൊലപാതകം നടന്നുവെന്നും കൊലപാതകികളെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു എന്നുമായിരുന്നു സന്ദേശം. പോലീസ് ഉടൻ അങ്ങോട്ടേക്കു കുതിച്ചു.
അപ്പാർട്ടുമെന്റിന്റെ നാലാം നിലയിലായിരുന്നു സംഭവം. പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തുകയറി. മുറിയിൽ ചോരപ്പാടുകളുണ്ട്. പക്ഷേ, ആരെയും കാണാനില്ല. തെരച്ചിൽ നടത്തിയപ്പോൾ അടുക്കള ജനൽ തുറന്നു കിടക്കുന്നതുകണ്ടു. അവിടെയെല്ലാം രക്തം വീണു കിടപ്പുണ്ട്.
തുറന്ന ജനലിനു സമീപമുള്ള പൈപ്പുലൈനുകൾ താഴേയ്ക്കുള്ളതാണ്. ആ പൈപ്പുലൈനിലും ചോരപ്പാടുണ്ട്. അതോടെ ഫ്ളാറ്റ് അരിച്ചുപെറുക്കി പരിശോധിച്ച പോലീസ് ടോയ്ലെറ്റിൽ ഒരു മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. നെഞ്ചിലും വയറിലും കുത്തേറ്റിരുന്ന അയാൾ മരിച്ചിട്ട് അധിക നേരമായിട്ടില്ലെന്നു തോന്നു. കൊലപാതകി പൈപ്പുലൈൻ വഴി രക്ഷപ്പെട്ടെന്നു പോലീസിനു മനസിലായി.
വിളിച്ചത് അയൽവാസി
എന്തോ അസാധാരണ ശബ്ദം കേട്ട അടുത്ത ഫ്ളാറ്റിലെ താമസക്കാരൻ ഫ്ളാറ്റിന്റെ അടഞ്ഞുകിടന്ന മുൻവാതിൽ തള്ളിത്തുറന്നപ്പോൾ താമസക്കാരായ രണ്ടു പേർ മുറിയിൽ നിൽക്കുന്നതു കണ്ടു. എന്നാൽ, അവരുടെ കൈകളിലും വസ്ത്രങ്ങളിലും രക്തം പുരണ്ടിട്ടുണ്ടായിരുന്നു. ഇതോട എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞു.
കുഴപ്പമൊന്നുമില്ല കൈമുറിഞ്ഞതാണെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, സാഹചര്യങ്ങളിലും മറുപടിയിലും എന്തോ പന്തികേടു തോന്നിയ അയൽക്കാരൻ പുറത്തിറങ്ങി ഉടനെ വാതിൽ പുറത്തുനിന്നു ലോക്ക് ചെയ്യുകയായിരുന്നു. ഇയാളാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
പോലീസ് ഉണർന്നു
സമ്പന്ന മേഖലയിൽ നടന്ന കൊലപാതകം മുംബൈ പോലീസിനും തലവേദനയായി. വൈകാതെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കൊല നടന്ന ഫ്ലാറ്റിലെ താമസക്കാർ ധനജ്ഞയ ഷിൻഡേ, മനോജ് ഗജ് കോഷ് എന്നിങ്ങനെ രണ്ടു പേരായിരുന്നു.
കഴിഞ്ഞ ദിവസം ആ ഫ്ലാറ്റിൽ ഒരു വഴക്കു നടന്നിരുന്നു. കൊല്ലപ്പെട്ട മധ്യവയസ്കൻ കോപാകുലനായി ആ ഫ്ലാറ്റിലെത്തിയിരുന്നു. അവിടെ താമസിച്ചിരുന്നവരുടെ സാധനങ്ങളെല്ലാം എടുത്തു പുറത്തെറിഞ്ഞു. എന്നിട്ട് ഉള്ളിൽ കയറി വാതിൽ പൂട്ടി.
കുറച്ചു കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അവിടെയെത്തി. അയാളും മധ്യവയസ്കനും തമ്മിൽ വലിയ ഒച്ചപ്പാടായി. സംസാരത്തിൽനിന്ന് അവർ അച്ഛനും മകനുമാണെന്ന് അവിടെ കൂടിനിന്നവർക്കു മനസിലായി. ആ ചെറുപ്പക്കാരനായിരുന്നു അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകൾ നോക്കി നടത്തിയിരുന്നതും വാടകയ്ക്കു നൽകിയിരുന്നതും. പേര് അനുജ് ടിക്കു. ബോളിവുഡ് സിനിമയിലെ ചെറുകിട താരം കൂടിയായിരുന്നു അനുജ് ടിക്കു.
കൊല്ലപ്പെട്ടത് ആര്?
പോലീസ് അന്നുതന്നെ അനുജ് ടിക്കുവിനെ പൊക്കി. കൊല്ലപ്പെട്ടത്, അയാളുടെ അച്ഛൻ അരുൺ ടിക്കുവാണെന്നു പോലീസിനു വ്യക്തമായി. ഡൽഹിയിലായിരുന്നു അരുൺ ടിക്കു താമസം. മുംബൈ അന്ധേരിയിൽ അയാൾ മൂന്നു ഫ്ലാറ്റുകൾ വാങ്ങിയിരുന്നു.
വാടകയ്ക്കു കൊടുത്തു വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. നല്ല കൊള്ളാവുന്ന താമസക്കാരെ കണ്ടെത്തി തന്നെ അറിയിക്കാനാണു അയാൾ മകനെ മുംബൈയിലേക്ക് അയച്ചത്. എന്നാൽ, മുംബൈയിലെത്തിയ അയാൾ കേട്ടത്, മൂന്നു ഫ്ലാറ്റുകളും തന്റെ അറിവോ സമ്മതമോ കൂടാതെ മകൻ ആർക്കൊക്കെയോ വാടകയ്ക്കു കൊടുത്തിരിക്കുന്നു എന്നതാണ്.
അഞ്ച് ലക്ഷം രൂപ വീതം ഡിപ്പോസിറ്റും പ്രതിമാസം മുപ്പതിനായിരം രൂപ വാടകയും. കോപം നിയന്ത്രിക്കാനാവാതെ അപ്പാർട്ട്മെന്റിൽ എത്തിയ അരുൺ ടിക്കു ധനജ്ഞയിന്റെ ഫ്ലാറ്റിൽ കയറി സാധനങ്ങളെല്ലാം വെളിയിലെറിഞ്ഞു ഫ്ലാറ്റ് പൂട്ടുകയായിരുന്നു.
അനുജ് ഏർപ്പെടുത്തിയവർ തന്നെയാണു അച്ഛനെ വകവരുത്തിയതെന്നാണു പോലീസ് സംശയിച്ചത്. എന്നാൽ, താൻ നിരപരാധിയാണെന്ന് അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. അച്ഛനോട് ദേഷ്യപ്പെട്ടു സംസാരിച്ചുവെങ്കിലും താനൊരിലും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ലെന്നും അയാൾ പറഞ്ഞു.
അതോടെ ധനഞ്ജയിനെയും മനോജിനെയും കണ്ടെത്താനായി പോലീസ് ശ്രമം. അതോടൊപ്പം മറ്റു രണ്ട് ഫ്ലാറ്റുകളിലെ താമസക്കാരെപ്പറ്റിയും അന്വേഷിച്ചു. ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നതു ജർമൻ യുവതിയായ ലെവിസ് ബ്രങാൻസ ആയിരുന്നു.
അടുത്ത ഫ്ലാറ്റിൽ വിജയ് പലൻഡേ എന്നൊരാളും. ജർമൻകാരി ഇടയ്ക്കെപ്പൊഴോ വന്നതല്ലാതെ പിന്നീടു കണ്ടിട്ടില്ല. വിജയ് പലൻഡേയും അങ്ങനെ അധികം കാണപ്പെട്ടിട്ടില്ല. മകനെ ചോദ്യം ചെയ്തതിൽനിന്നു പോലീസിനു മനസിലായ ഒരു പ്രധാന കാര്യം, മൂന്നു ഫ്ലാറ്റുകളും വാടകയ്ക്ക് എടുത്തിരിക്കുന്നതു വിജയ് പലൻഡേ ആണെന്നാണ്.
ചുരുളഴിയുന്നു ഏപ്രിൽ 8.
സംശയം തോന്നി വിജയ് പലൻഡേയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പോലീസിന്റെ ആരോപണങ്ങളെല്ലാം അയാൾ നിഷേധിച്ചു. താൻ വാടയ്ക്കെടുത്ത ഫ്ലാറ്റ് കൂടുതൽ ലാഭത്തിൽ മറിച്ചു കൊടുക്കുകയായിരുന്നു എന്നാണയാൾ വാദിച്ചത്. പലൻഡേയെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങുന്നു.
ഏപ്രിൽ 10
അരുൺ ടിക്കുവിന്റെ കൊലയുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് പലൻഡേയെ അറസ്റ്റ് ചെയ്തു. പോലീസ് ലോക്കപ്പിലേക്ക് അയാളെ ഒരു വാനിലാണു കൊണ്ടുപോയത്. എന്നാൽ, അന്ധേരിയിൽ വച്ച് അയാൾ പോലീസ് വാനിൽ നിന്നു ചാടി രക്ഷപ്പെട്ടു.
പോലീസിന്റെ അറിവോടെയായിരുന്നു രക്ഷപ്പെടൽ എന്നും പറയുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് അയാളെ പിടികൂടാൻ ഊർജിതമായി രംഗത്തിറങ്ങി. അയാളുടെ മൊബൈൽ ട്രാക്ക് ചെയ്യാൻ ശ്രമിച്ചു.
ഏപ്രിൽ 11
സൗത്ത് മുംബൈയിലുള്ള സഹോദരിയെ പലൻഡേ മൊബൈലിൽ വിളിച്ചു. അതേസമയം തന്നെ പോലീസ് അയാളെ ട്രാക്ക് ചെയ്തു. ഒടുവിൽ, ചർച്ച് ഗേറ്റ് തെരുവിൽ വച്ചു പിടികൂടി. പോലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ പലൻഡേ കുറ്റമേറ്റു പറഞ്ഞു.
മൂന്നു ഫ്ലാറ്റുകളും വാടകയ്ക്കെടുത്തത്, വ്യക്തമായ പ്ലാനിംഗോടെ ആയിരുന്നു. ഡൽഹിക്കാരനായ അനുജ് ടിക്കുവിനു മുംബൈയിൽ കാര്യമായ ബന്ധങ്ങളൊന്നും ഇല്ലായെന്നു പലൻഡേയ്ക്ക് അറിയാമായിരുന്നു. അയാളെ തട്ടിക്കളയുക തന്നെയായിരുന്നു ലക്ഷ്യം.
അതോടെ ഫ്ലാറ്റുകൾ പലൻഡേയുടെ കൈയിൽ തന്നെയിരിക്കും. എന്നാൽ, അച്ഛനായ അരുൺ ടിക്കു ഇതിനിടയിൽ വന്നു പെടുകയായിരുന്നു.
ആരാണ് പലൻഡേ
പലൻഡേ ആരാണെന്ന് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മഹാരാഷ്ട്രയിലെ ചിപ്ലുൻ എന്ന സ്ഥലത്തുനിന്ന് 1980കളിൽ മുംബൈയിലേക്കു കുടിയേറിയതാണു വിജയ് പലൻഡേയുടെ കുടുംബം. പഠനത്തിൽ മിടുക്കനായിരുന്നു പലൻഡേ. പിന്നീട് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു.
തുടർന്ന് കോപ്പർ ചിമ്മിനി എന്ന വൻകിട റസ്റ്ററിന്റെ മാനേജരായി. ഇവിടെവച്ചാണ് സന്പന്നരുമായി ചങ്ങാത്തത്തിലാകുന്നത്. ക്രിക്കറ്റ് വാതുവയ്പുകാരും അധോലോക നായകന്മാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാലത്ത് അധോലോക സംഘാംഗം സന്തോഷ് ഷെട്ടിയുമായി അയാൾ പരിചയത്തിലായി.
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്ന പലൻഡേയ്ക്ക്, വാടകക്കൊലപാതകം ഇഷ്ടമേഖലയായി മാറി. ഒറ്റയടിയ്ക്കു വൻ തുക കൈയിൽ വരും. പലൻഡേയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം കരൺ കക്കഡ് എന്ന യുവാവ് എവിടെപ്പോയി എന്ന ചോദ്യത്തിനും പോലീസിന് ഉത്തരം നൽകി.
(തുടരും).