
ആലപ്പുഴ: അർബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. ചുനക്കര സ്വദേശി നസീറിന്റെ(47) പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ജൂലൈ ആദ്യമാണ് ഇയാൾ സൗദിയിൽ നിന്നും നാട്ടിലെത്തിയത്.
അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും വീട്ടിലേക്കു മടങ്ങിയ നസീറിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചയോടെയാണ് നസീർ മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്. നസീറിനെ ചികിത്സിച്ച ഡോക്ടർമാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.