അഗളി: ആന്റിജൻ ടെസ്റ്റുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണപ്രചരിക്കുന്നുണ്ടന്നും ജനം യാഥാർഥ്യം മനസിലാക്കണമെന്നും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്.
കോവിഡ് രോഗ നിർണയത്തിനായി പിസിആർ, ആന്റി ജൻ, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ട്. ഇവയ്ക്ക് ഓരോന്നിനും അതിന്േറതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കോവിഡിന് കാരണമായ കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്.
ന്യൂക്ലിക്ക് ആസിഡ് എന്ന ഉൾഭാഗവും പ്രോട്ടിൻ എന്ന പുറംഭാഗവും. പിസി ആർ ടെസ്റ്റ് ന്യൂക്ലിക്ക് ആസിഡ് ഭാഗവും ആന്റിജൻ ടെസ്റ്റ് പ്രോട്ടീൻ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്.
എന്നാൽ പിസിആർ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ നാലുമുതൽ ആറുവരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.
ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്തു തന്നെ ഫലവും അറിയാനാകും. ലബോറട്ടറിയിൽ അയയ്ക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരിൽ പിസിആർ ടെസ്റ്റ് പോസിറ്റീവായെന്ന് വരാം.
വൈറസിന്റെ ചില ഭാഗങ്ങൾ തുടർന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് ചെയ്താൽ നെഗറ്റീവായിരിക്കും.
അതുപോലെ രോഗലക്ഷണമുള്ളവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാൽപോലും ഒരു സുരക്ഷയ്ക്കുവേണ്ടി പിസി ആർ ടെസ്റ്റ് നടത്താറുമുണ്ട്. ഇതുപോലെ ആന്റിബോഡി ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ആന്റി ബോഡി പരിശോധിക്കാനാണ് ആന്റിബോഡി ടെസ്റ്റ് ചെയ്യുന്നത്.
പ്രധാനമായും രോഗവ്യാപനം സമൂഹത്തിലോ ഒരു വിഭാഗത്തിലോ സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ആന്റി ബോഡി ടെസ്റ്റ് ചെയ്യുന്നത്.
ആന്റിബോഡി ടെസ്റ്റ് ചെയ്ത് ഐജിഎം എന്ന പ്രതിവസ്തൂ കണ്ടാൽ രോഗമുണ്ടെന്ന് സൂചന ലഭിക്കും. അവർക്ക് പിസിആർ ടെസ്റ്റോ ആന്റിജൻ ടെസ്റ്റോ നടത്തേണ്ടിവരും.
രോഗലക്ഷണം കണ്ടിട്ട് ഏതാനുംദിവസം കഴിഞ്ഞു മാത്രമേ ഐജിഎം പ്രത്യക്ഷപ്പെടൂവെന്ന പരിമിതിയുണ്ട്. ഐജിജി പ്രതി വസ്തു കണ്ടാൽ രോഗം ഭേദമായെന്നാണ് അർത്ഥം. ആന്റിജൻ ടെസ്റ്റ് വന്നതോടെ രോഗം കണ്ടെത്തുക എളുപ്പമായിട്ടുണ്ട്.
കോവിഡ് സ്ക്രീനിംഗിനായി ആന്റിജൻ ടെസ്റ്റാണ് പരക്കേ ഉപയോഗിക്കുന്നത്. വൈറസിന്റെ പുറംപാളിയിലുള്ള മാംസ്യ (പ്രോട്ടീൻ) തന്മാത്രകളെ രോഗിയാകാൻ സാധ്യതയുള്ള ആളുകളുടെ സ്രവത്തിൽ കണ്ടെടുക്കുകയാണ് ഈ ടെസ്റ്റ് വഴി ചെയ്യുന്നത്.
കോവിഡ് 19 പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നതെന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതൽ കാണുന്നത്. അതിനാൽ ഈ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നത്.
വളരെ കുറച്ച് വൈറസുകൾ മാത്രമേ ഉള്ളുവെങ്കിൽ ടെസ്റ്റ് നെഗറ്റീവ് ആകാമെങ്കിലും രോഗികൾ അല്ലാത്തവർ പോസിറ്റീവ് ആകാനുള്ള സാധ്യത വിരളമാണ്. ആർടിപി സി ആർ എന്ന പരിശോധനയ്ക്ക് റിസൾട്ട് വരാൻ സമയം കൂടുതലെടുക്കുമെന്നതും സമൂഹത്തിൽ, ഫീൽഡിൽ വച്ചുതന്നെ റിസൾട്ട് കിട്ടണമെന്നതും കണക്കിലെടുക്കുന്പോൾ ആന്റിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിംഗ് ടെസ്റ്റ്.
ഇവക്ക് പുറമേ പിസിആർ ടെസ്റ്റിനു സമാനമായ ട്രൂനാറ്റ്, ജെൻ എക്സ്പ്രസ് എന്നീ ടെസ്റ്റുകളുമുണ്ട്. ഇവ ഉപയോഗിച്ചാൽ 3045 മിനിറ്റുകൊണ്ട് റിസൾട്ട് കിട്ടും. എന്നാൽ ഒരു മെഷീനിൽ ചെയ്യാവുന്ന ടെസ്റ്റുകൾക്ക് പരിമിതിയുണ്ട്.
ശസ്ത്രക്രിയക്കുമുന്പ് സ്ക്രീനിംഗിനായിട്ടാണു ഇത്തരം ടെസ്റ്റുകൾ ചെയ്യുന്നത്. ടെസ്റ്റുകളുടെ ശാസ്ത്രതത്വം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.