
17 യുവതികളുടെ പേരിൽ പരാതി നൽകിയതു വ്യാജമാണെന്നു സൂചന കിട്ടിയതോടെ സ്വപ്നയെ ചോദ്യം ചെയ്തു. സ്വപ്നയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച ക്രൈംബ്രാഞ്ച് സംഘം കേസ് കൂടുതൽ പരിശോധിക്കാൻ തീരുമാനിച്ചു.
ഈ വർഷം ജനുവരിയിൽ മൊഴി നൽകാൻ സ്വപ്നയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി. ഭർത്താവെന്നു പരിചയപ്പെടുത്തിയ ഒരു യുവാവിനോടൊപ്പമാണ് സ്വപ്ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്നയുടെ മൊഴികൾ പലേടത്തും പൊരുത്തപ്പെട്ടില്ല.
പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോൾ സ്വപ്ന ദേഹം തളരുന്നതായി പറഞ്ഞു. കുഴഞ്ഞു വീഴുന്നതു പോലെ കിടന്നു. ഇതോടെ ചോദ്യം ചെയ്യൽ തത്കാലം അവസാനിപ്പിച്ചു. തുടർന്നു മറ്റൊരു ദിവസം ഹാജരാകാൻ സ്വപ്നയെ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചു. എന്നാൽ, ചില കാരണങ്ങൾ പറഞ്ഞ് സ്വപ്ന ഒഴിഞ്ഞു മാറി.
ഇതിനിടെ അന്വേഷണസംഘത്തിനു മുന്നിൽ പരാതിക്കാരിയെന്നു പറഞ്ഞു സ്വപ്ന ഹാജരാക്കിയ യുവതി ആൾമാറാട്ടം നടത്തി എത്തിയതാണെന്നും തിരിച്ചറിഞ്ഞു.
ഇതിനെക്കുറിച്ചു ചോദ്യങ്ങളുണ്ടായപ്പോൾ ഹാജരായ പരാതിക്കാരി ഐഡന്റിറ്റി കാർഡ് എടുക്കാൻ മറന്നു പോയതാണെന്നും കാര്യങ്ങൾ വിശദമായി പറയുമെന്നുമാണ് സ്വപ്ന ആഭ്യന്തര അന്വേഷണ കമ്മിറ്റി അംഗങ്ങളോടു പറഞ്ഞിരുന്നത്.
എയർ ഇന്ത്യ സാറ്റ്സിലെ ഉന്നതനും മറ്റ് ചിലരും ഒത്തു കളിച്ചാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സിബുവിനെതിരെ തയാറാക്കി സ്ഥാന ഭ്രഷ്ടനാക്കിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി.
സ്വപ്നയുടെ ഫയലുകൾ പരിശോധിച്ചതിൽ പരാതിയിലെ ഭാഷയ്ക്കും സ്വപ്നയുടെ ശൈലിയാണെന്നു ക്രൈംബ്രാഞ്ചിനു നേരത്തെ സംശയം തോന്നിയിരുന്നു. തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുകയായിരുന്നു.
എന്നാൽ, ഏപ്രിൽ മാസം അവസാനം സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ പിതാവ് മരിച്ച കാര്യം പറഞ്ഞ് ഒഴിവായി. പിന്നീട് പലതവണ വിളിച്ചിട്ടും സ്വപ്ന ചോദ്യം ചെയ്യലിനു ഹാജരാകാൻ വിസമ്മതിച്ചു.
ഉന്നതങ്ങളിലെ അവരുടെ സ്വാധീനവും ഇതിനു തുണയായി മാറി. ഇതിനിടെ, ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ടിലാണ് സ്വപ്ന ആൾമാറാട്ടം നടത്തി പരാതിക്കാരെ എത്തിച്ച വിവരം പറഞ്ഞിരുന്നത്.
കൂടാതെ വ്യാജപരാതി തയാറാക്കിയതു സ്വപ്നയാണെന്ന സംശയം ബലപ്പെടുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ സാറ്റ്സിലെ ഉന്നത ഉദ്യോഗസ്ഥനായ ബിനോയ് ജേക്കബിനെതിരെ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിബു കേന്ദ്ര വിജിലൻസ് കമ്മീഷണർക്കും സിബിഐയ്ക്കും നൽകിയ പരാതിയിലുള്ള പക തീർക്കാൻ ബിനോയ് , സ്വപ്ന, എയർ ഇന്ത്യയിലെ ചില ജീവനക്കാർ എന്നിവർ ചേർന്നു സിബുവിനെ ജോലിയിൽനിന്നു സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ റിപ്പോർട്ടിൽ പറയുന്നത്.
സ്വർണക്കടത്തു കേസിൽ സ്വപ്ന കസ്റ്റഡിയിൽ ആയ സ്ഥിതിക്ക് ആൾമാറാട്ടത്തിനും വ്യാജപരാതിക്കുമെതിരേയുള്ള കേസ് വീണ്ടും ചൂടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
(തുടരും)